പയ്യന്നൂർ: കാറമേൽ മുച്ചിലോട്ടുഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള കന്നിക്കലവറ നിറക്കൽ ചടങ്ങ് നടന്നു. കളിയാട്ടാവശ്യങ്ങൾക്കായി കലവറയിൽ ഉപയോഗിക്കുന്ന ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ഒന്നൊഴിയാതെ കന്നിക്കലവറയിലേക്ക് ആചാരപൂർവം കയറ്റിവെക്കുന്ന ചടങ്ങാണിത്.
ക്ഷേത്രേശന്മാർ പ്രാർത്ഥനയോടെ കന്നിക്കലവറയിൽ പീഠം വെച്ച് പട്ടുവിരിച്ച് ഭണ്ഡാരപ്പെട്ടിയും കീഴെ കുറിത്തട്ടും ചങ്ങലവട്ടയും ഒരുക്കിവെച്ച് ശുഭമുഹൂർത്തത്തിൽ ലക്ഷ്മിവിളക്കിൽ കെടാദീപം തെളിയിച്ച ശേഷീ
നടു തൂണിനരികിലെ മാടമ്പി വിളക്കും തെളിയിച്ചശേഷമാണ് വാല്യക്കാർ കന്നിക്കലവറയിലേക്ക് സാധനങ്ങൾ കയറ്റിവെച്ചത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കോയ്മസ്ഥാനീകരും കന്നിക്കലവറയിലെത്തു.
പുതിയ പായ വിരിച്ച് ഉണക്കലരി, കുത്തരി, തോര എന്നിവയും ചക്ക,മാങ്ങ, തേങ്ങ, പച്ചക്കായ, പൂവൻപഴംതുടങ്ങിയ വിഭവങ്ങളും, മല്ലി, മുളക് എണ്ണ തുടങ്ങിയ അടുക്കളയിൽ ഉപയോഗിക്കുന്ന സകലമാന സാധനങ്ങളും പ്രതീകാത്മകമായി കന്നിക്കലവറയിലേക്ക് കയറ്റിവെക്കുകയുണ്ടായി. ഇനി കളിയാട്ടം കഴിയുന്നതുവരെ സൂര്യരശ്മി പോലും കടക്കാത്ത കന്നിക്കലവറയിലെ കെടാവിളക്കിൽ തമ്പുരാട്ടിയുടെ സാന്നിധ്യം ഉണ്ടാകുമെന്നും അത്‌കൊണ്ടുതന്നെ കന്നിക്കലവറയിലേക്ക് എത്തിക്കുന്ന സാധനങ്ങൾക്കൊന്നും കളിയാട്ടവേളയിൽ ഒരു ക്ഷാമവും വരില്ല എന്നുമാണ് വിശ്വാസം.
സാധനങ്ങളെല്ലാം ഒരുക്കിവെച്ചശേഷം ക്ഷേത്രേശന്മാർ ഒരുകൈ തലയിലും, മറുകൈ വിളക്കിലും പിടിച്ച് വെള്ളയിൽ അടിയന്തിരം നടത്തി വിഭവങ്ങളുടെമേൽ മഞ്ഞൾ കുറിയെറിഞ് ഗുണം വരുത്തുന്നതോടെയാണ് ചടങ്ങുകൾ അവസാനിക്കുന്നത്. ഇനി കളിയാട്ടം കഴിയുന്നതുവരെ കാരണവർ സ്ഥാനത്തുള്ള രണ്ടുപേർ മാറി മാറി കെടാവിളക്കിന് കാവലിരിക്കും. 6 മുതൽ 9 വരെയാണ് പെരുങ്കളിയാട്ടം ആഘോഷിക്കുന്നത്.