മാഹി: വ്യത്യസ്ത ശൈലികളിലും വിവിധ മാദ്ധ്യമങ്ങളിലുമുള്ള ചിത്രങ്ങൾ കൊണ്ട് സമ്പന്നവും ലോക ചിത്രകലയിലെ നൂതന പ്രവണതകളെക്കുറിച്ചുള്ള സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ ബാങ്കോക്ക് ചതുർദിന 'റിവൈസ്ഡ് ഇമോഷൻസ്' അന്താഷട്ര പെയിന്റിംഗ് എക്‌സിബിഷനിൽ മയ്യഴിക്കാരായ കലൈമാമണി സതീശങ്കറും നിഷാ ഭാസ്‌ക്കറും താരങ്ങളായി.
ഭാരതീയ ചുമർചിത്രകലാ പാരമ്പര്യത്തിലൂന്നി പുതിയ പരീക്ഷണങ്ങളിലൂടെ രൂപപ്പെടുത്തിയ സതീശങ്കറിന്റെ രചനകൾ ആശയം കൊണ്ട് വ്യതിരിക്തമായപ്പോൾ അന്തമാൻ ദ്വീപ് സമൂഹത്തിന്റെ പ്രകൃതി ലാവണ്യവും, കടലിലെ നീല ജലാശയത്തിൽ, പവിഴപ്പുറ്റുകളും മത്സ്യങ്ങളും തീർത്ത മായികക്കാഴ്ചകൾ കാൻവാസിൽ നിറച്ചു വെച്ച നിഷാ ഭാസ്‌ക്കറും ആസ്വാദക മനം കവർന്നു.
സാംസ്‌ക്കാരിക വിനിമയത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഡോ: പ്രകാശ് കിഷോർ, നവാത് ലിർട്‌സ്, വാങ്ങ് കിറ്റ്, ഡോ.അശോക് അഗർവാൾ, കേണൽ സുരേഷ്, എന്നിവർ ഉൽഘാടന ചടങ്ങിൽ പ്രസംഗിച്ചു.
ചിത്രം:ബാങ്കോക്കിൽ നടന്ന അന്തർദ്ദേശീയ ചിത്രകലാ കേമ്പിൽ പങ്കെടുത്ത ഇന്ത്യൻ ചിത്രകലാപ്രതിഭകൾ