കാസർകോട്: കർണ്ണാടകയിലെ ജ്വല്ലറി കവർച്ചാ കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ റിമാൻഡ് തടവുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കീഴൂർ ചെമ്പരിക്കയിലെ തസ്ലീം എന്ന മൂത്തസ്ലീമി (38)നെയാണ് തട്ടിക്കൊണ്ടുപോയത്.
മംഗളുരു നല്ലോകി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട് 2019 സെപ്തംബർ 16നാണ് തസ്ലീമിനെ കർണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടർന്ന് റിമാൻഡിലായിരുന്ന തസ്ലീമിന് ജനുവരി 31ന് ജാമ്യം ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ തസ്ലീം സുഹൃത്തുക്കളുടെ കൂടെ കാറിൽ കയറി കാസർകോട്ടേക്ക് തിരിക്കുമ്പോൾ കാറിലെത്തിയ മറ്റൊരു സംഘം തോക്കും വാളും മറ്റ് ആയുധങ്ങളുമായി വളഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
സംഭവത്തിൽ തസ്ലീമിന്റെ സഹോദരൻ അബ്ദുൾ ഖാദറിന്റെ പരാതിയിൽ നല്ലോകി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിരവധി കേസുകളിൽ പ്രതിയായണ് തസ്ലീം. അഫ്ഗാൻ പൗരൻ അടക്കമുള്ളവരുമായി ചേർന്ന് ജ്വല്ലറി തുരന്ന് കോടികളുടെ കവർച്ച നടത്തിയതിനാണ് മാസങ്ങൾക്ക് മുമ്പ് പിടിയിലായത്.