കാസർകോട്: കേരളത്തിൽ നിന്ന് ഒരംഗത്തെ പോലും പാർലമെന്റിൽ അയക്കാത്തതിന്റെ വൈരാഗ്യം ബഡ്ജറ്റിലൂടെ കേന്ദ്രസർക്കാർ പ്രകടിപ്പിച്ചതായി രാജ് മോഹൻ ഉണ്ണിത്താൻ എം. പി ആരോപിച്ചു. തീർത്തും നിരാശാജനകമായ ബഡ്റ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വിഹിതത്തിൽ കഴിഞ്ഞതവണത്തേക്കാൾ 1000കോടിയുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കോഫിക്കും തേയിലയ്‌ക്കും നൽകിയ പ്രാധാന്യം റബർ കർഷകർക്ക് നൽകിയില്ല. നോട്ടുനിരോധനം, ജി എസ് ടി തുടങ്ങിയ തീരുമാനങ്ങൾ മൂലം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യു. പി. എ സർക്കാർ ബയോ മെട്രിക് സംവിധാനം ഏർപ്പെടുത്തിയതുവഴി ഗ്യാസ് ഏജൻസികളുടെ ഉപഭോക്താക്കളോടുള്ള കൊള്ള അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നു.

സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളോടൊന്നും നീതി കാണിക്കാൻ കേന്ദ്രമന്ത്രി നിർമ്മല സിതാരാമന് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരുകൾക്ക് കൊടുക്കേണ്ട വിഹിതം പോലും കൊടുക്കാൻ ധനമന്ത്രി തയാറായില്ല. കോപ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാൻ മാത്രമാണ് ധനമന്ത്രി തയാറായത്. കോർപ്പറേറ്റുകൾക്ക് മാത്രമാണ് ബജറ്റിന്റെ ആനുകൂല്യങ്ങൾ മുഴുവനും ലഭിച്ചിരിക്കുന്നതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.