കാസർകോട്: കൊറോണ ഭീതിയെ തുടർന്ന് ചൈനയിൽ നിന്ന് കാസർകോട് ജില്ലയിൽ ഇതുവരെ തിരിച്ചെത്തിയത് 76 പേർ. കഴിഞ്ഞ ദിവസങ്ങളിലായി അറുപതുപേരാണ് കാസർകോട്ട് മടങ്ങിയെത്തിയത്. ഇന്നലെ വൈകിട്ടോടെ പതിനാറുപേർ കൂടി എത്തുകയായിരുന്നു.
ചൈനയിൽ നിന്നെത്തിയവരെയെല്ലാം കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പരിശോധനക്ക് വിധേയമാക്കി വരികയാണ്. ഇതുവരെ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. സംശയമുള്ളതിനാൽ ഒരാളെ ജില്ലാ ആശുപത്രിയിൽ കൊറോണ വൈറസ് ബാധിതർക്കായി പ്രത്യേകം സജ്ജമാക്കിയ വാർഡിൽ കിടത്തിചികിത്സിക്കുന്നുണ്ട്. ഈ വ്യക്തിയുടെ രക്തസാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്നാൽ മാത്രമേ കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചൈനയിലെ കെറോണവൈറസ് ബാധിത പ്രദേശത്തുനിന്നു മാത്രം വന്നവരുടെ രക്തസാമ്പിളുകളാണ് ശേഖരിക്കുന്നത്. ചൈനയിലെ മറ്റു ഭാഗങ്ങളിൽ നിന്നും വന്നവരെ പ്രാഥമിക പരിശോധനയ്ക്ക് മാത്രമാണ് വിധേയരാക്കുന്നത്.
ജാഗ്രത തുടരും
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും തുടരണമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ചൈനയിൽ നിന്നും ഇനിയും കാസർകോട്ടേക്ക് ആളുകൾ തിരിച്ചുവരുമെന്ന് ആരോഗ്യവകുപ്പധികൃതർക്ക് വിവരമുണ്ട്. കെറോണ വൈറസ് ബാധിച്ചതായി തെളിഞ്ഞാൽ കിടത്തി ചികിത്സിക്കാനുള്ള പ്രത്യേക വാർഡുകൾ ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് സർക്കാർ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.