കാസർകോട്: വീടിന്റെ രണ്ടാംനിലയിൽ സൂക്ഷിച്ച 205 പാക്കറ്റ് കർണ്ണാടക മദ്യവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരൻ എന്ന അണ്ണി (48)നെയാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. വീടിന്റെ രണ്ടാംനിലയിൽ ചാക്കുകെട്ടുകളിലായി സൂക്ഷിച്ച മദ്യപാക്കറ്റുകളാണ് എക്‌സൈസ് പിടികൂടിയത്.

അധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട പത്തോളം കേസുകളിൽ പ്രതിയാണ് പ്രഭാകരനെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രഭാകരൻ വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തുന്നത് പരിസരവാസികൾക്ക് ശല്യമായതോടെ എക്‌സൈസിൽ പരാതി നൽകുകയായിരുന്നു. കുമ്പള എക്‌സൈസ് ഇൻസ്‌പെക്ടർ നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ പി. രാജീവൻ, എ.വി രാജീവൻ, കെ. ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വി രഞ്ജിത്, വി. പ്രശാന്ത്, ഇ.എം രമേശ്ബാബു, കണ്ണൻകുഞ്ഞി, പി.എസ് പ്രിഷി, എക്‌സൈസ് വനിതാ സിവിൽ ഓഫീസർ സജീന എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.