കാസർകോട്:ചെമ്പിരിക്ക, മംഗളുരു ഖാസിയായിരുന്ന സി. എം. അബ്ദുല്ല മൗലവിയുടേത് അസ്വഭാവികമായ മുങ്ങി മരണമെന്ന് സി. ബി. ഐ റിപ്പോർട്ട്. കൊലപാതകമാണെന്നതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ അബദ്ധത്തിൽ കടലിൽ വീഴാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണ് അസ്വഭാവിക മരണമെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗുരുതരമായ രോഗംമൂലം വിഷമിച്ചിരുന്ന ഖാസി കടലിൽ ചാടി മരിച്ചു എന്ന നിലയിലാണ് നേരത്തെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും വിവിധ സംഘടനകളും പ്രക്ഷോഭത്തിലാണ്.

കേസ് സംബന്ധിച്ച് സി ബി ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോർട്ടാണിത്. കേസന്വേഷിച്ച സി.ബി. ഐ ഡിവൈ. എസ്. പി. ഡാർവിൻ ആണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. മുമ്പ് സി. ബി. ഐ നൽകിയ അന്വേഷണ റിപ്പോർട്ടുകളിലെല്ലാം മരണം ആത്മഹത്യ എന്ന നിലയ്‌ക്കായിരുന്നു.