കണ്ണൂർ: തണ്ണീർത്തടങ്ങളുടെ സംരക്ഷണം മനുഷ്യ സമൂഹത്തിന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന് അനിവാര്യമാണെന്ന് വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് മലബാർ അവെയർനെസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ടായിരിക്കണം മനുഷ്യർ പുരോഗതി കൈവരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന തണ്ണീർത്തട അതോറിട്ടിക്ക് വേണ്ടി കാട്ടാമ്പള്ളി പുഴയിലെ ആവാസ വ്യവസ്ഥയെക്കുറിച്ച് മാർക് സെക്രട്ടറിയും ഗവേഷക വിദ്യാർത്ഥിയുമായ റോഷ്‌നാഥ് രമേശ് തയാറാക്കിയ 'ഫോണ ഒഫ് കാട്ടാമ്പള്ളി' എന്ന പഠനത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മേയർ സുമ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ് മുഖ്യാതിഥിയായി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂൽ, ഫിഷറീസ് വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മാർക് സെക്രട്ടറി റോഷ്‌നാഥ് രമേശ്, മാർക് എക്‌സിക്യൂട്ടീവ് അംഗം മഹേഷ് ദാസ്, സി സുനിൽ കുമാർ, വിദ്യാർത്ഥികൾ, മാർക് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.