ചെറുപുഴ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടക്കുന്ന മഞ്ഞക്കാട് തിരുമേനി മുതുവം റോഡിലെ വൈദ്യുതി തൂണുകൾ പ്രവൃത്തിക്ക് തടസ്സമാവുന്നു.വീതി കൂട്ടിയതോടെ റോഡിനു നടുവിലാണ് തൂണുകൾ. ചുവട്ടിലെ മണ്ണ് നീക്കിയതോടെ ഇവയിൽ പലതും ഏതുസമയത്തും നിലംപൊത്തുമെന്ന നിലയിലാണ്.
വൈദ്യുതി തൂണുകൾ റോഡരികിലേയ്ക്ക് മാറ്റി സ്ഥാപിക്കാൻ 56 ലക്ഷത്തിന്റെ കരാർ ഒരു വർഷം മുമ്പാണ് നൽകിയത്. 200 ഓളം വൈദ്യുതി തൂണുകളാണ് മാറ്റേണ്ടത്.ഇതിൽ മഞ്ഞക്കാട് മുതൽ തിരുമേനി വരെയുള്ള തൂണുകൾ റോഡരികിലേയ്ക്ക് കഴിഞ്ഞ വർഷം മാറ്റി സ്ഥാപിച്ചിരുന്നു. ബാക്കി ഭാഗത്തെ തൂണുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പ് അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല. ആവശ്യമായ സ്ഥലങ്ങളിൽ ഇരുമ്പു വൈദ്യുതി തൂണുകൾ ആണ് ഉപയോഗിക്കേണ്ടത്.
ഒന്നര വർഷമായി തുടരുന്ന പ്രവൃത്തി മൂലം ജനങ്ങൾ ദുരിതത്തിലാണ്. മഴക്കാലത്ത് ചെളിയും വേനൽക്കാലത്ത് പൊടിശല്യവും കാരണം യാത്രക്കാരും വ്യാപാരികളും റോഡരികിലെ താമസക്കാരും കടുത്ത ബുദ്ധിമുട്ടിലാണ്.എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കാനായി ശ്രമിക്കുമ്പോഴാണ് വൈദ്യുതി വകുപ്പ് മുഖം തിരിച്ച് നിൽക്കുന്നത്. വൈദ്യുതി തൂൺ മാറ്റിയില്ലെങ്കിൽ തൂൺ അവിടെ തന്നെ നിലനിർത്തി അതിനു ചുറ്റുമായി ടാർ ചെയ്യാനുള്ള ഒരുക്കത്തിലാണ് കരാറുകാരൻ.

1 വർഷം മുമ്പ് കരാർ നൽകി
200 പോസ്റ്റുകൾ മാറ്റണം
56 ലക്ഷത്തിന്റെ കരാർ

മലയോരത്തെ പ്രധാന റോഡുകളിലൊന്ന്
മലയോരത്തെ പ്രധാന റോഡുകളിലൊന്നാണ് മഞ്ഞക്കാട്-തിരുമേനി-മുതുവം റോഡ്. 7.51 കി.മീ.ദൂരം വരുന്ന റോഡിൽ മഞ്ഞക്കാട് മുതൽ കോക്കടവ് വരെ ഒരു നിര മെക്കാഡം ടാറിട്ടു കഴിഞ്ഞു.കോക്കടവ് മുതൽ മുതുവം വരെയുള്ള ഭാഗത്തെ പ്രവൃത്തിയാണിപ്പോൾ നടന്നു വരുന്നത്. 22.80 കോടി രൂപയുടേതാണ് കരാർ.12 മീറ്റർ വീതിയുള്ള റോഡിൽ ഏഴ് മീറ്റർ വീതിയിലാണ് മെക്കാഡം ടാറിംഗ്.