നീലേശ്വരം: നീണ്ട മുറവിളിക്കു ശേഷം അനുവദിച്ചുകിട്ടിയ കല്ലടുക്കം ചാലിന് കുറുകെ പണിയുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ മണ്ണുപരിശോധന കഴിഞ്ഞിട്ട് വർഷം ഒന്നുകഴിഞ്ഞിട്ടും തുടർനടപടികൾ ഇഴയുന്നു.
ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ആയെങ്കിലും പദ്ധതിയുടെ ഡിസൈനും മറ്റും ആയാൽ മാത്രമെ മുന്നോട്ടുള്ള നടപടിയിലേക്ക് നീങ്ങാനാവുകയുള്ളു. അതിനാകട്ടെ മൈനർ ഇറിഗേഷൻ വകുപ്പിന്റെയും മറ്റും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്.
റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായാൽ എടയോടി ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ചോയ്യങ്കോട്ടേക്ക് എത്താൻ കഴിയും. ഇപ്പോൾ മഴക്കാലത്ത് ചാലിൽ വെള്ളം കരകവിഞ്ഞാൽ കൂവാറ്റി പാലത്തിൽ കൂടി കിലോമീറ്റർ ചുറ്റി വേണം ചാലിന്റെ മറുകരയിലുള്ളവർക്ക് ചോയ്യങ്കോട് ഭാഗത്തേക്ക് എത്താൻ. ചാലിൽ വെള്ളം കയറിയാൽ കവുങ്ങിന്റെ താൽക്കാലിക പാലം കടന്നാണ് സ്‌കൂൾ കുട്ടികൾ അടക്കം ഇതുവഴി കടന്നുവരുന്നത്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതുമാണ്.
കുടിവെള്ള ക്ഷാമത്തിന് പരിഹാരം
കാർഷികാഭിവൃദ്ധിയും
റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായാൽ കല്ലടുക്കത്തിന് കിഴക്ക് ഭാഗത്തുള്ള ചാലിന്റെ ഇരുകരകളിലുമുള്ള കിണറുകളിലെ ജലവിതാനം ഉയരുകയും ഇതുവഴി കുടിവെള്ള ക്ഷാമം പരിഹരിക്കാനും കാർഷികാഭിവൃദ്ധി മെച്ചപ്പെടുത്താനും കഴിയും. കൂടാതെ ജലനിധി പദ്ധതിക്കായി ചാലിൽ അഞ്ചോളം കിണറുകളും കുഴിച്ചിട്ടുണ്ട്. ഈ കിണറുകളിലും അണക്കെട്ട് വരുന്നതോടെ ജലവിതാനം ഉയരും.