പട്ടുവം: ജില്ലയിൽ മീനിന് പേരുകേട്ട പട്ടുവം പുഴയുടെ പെരുമ പേരിലൊതുങ്ങുന്നു.പുഴമീനുകളെ പിടിച്ച് വിറ്റ് ഉപജീവനം കഴിച്ചിരുന്ന തൊഴിലാളികൾ മറ്റ് ജോലികളിലേക്ക് തിരിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
ഏഴോം കോട്ടക്കീൽ കവല, ഏഴിലം, കോട്ടക്കീൽകടവ് എന്നിവയായിരുന്നു പട്ടുവത്തെ പ്രധാന പുഴമീൻവില്പന കേന്ദ്രങ്ങൾ.മാതമംഗലം,പിലാത്തറ, പയ്യന്നൂർ, തുടങ്ങിയ വടക്കൻ പ്രദേശങ്ങളിൽ നിന്നും എത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ പതിവായിരുന്നു. ഉത്സവപ്രതീതി തന്നെയായിരുന്നു ഈ വില്പനകേന്ദ്രങ്ങളിൽ.
തത്തയിൽ കടവത്ത് കണ്ടൽ വളർന്ന് നിബിഡവനമായി. കണ്ടൽകടവുകളിൽ വീണടിയുന്ന ഇലകളാണ് മീനുകൾ പുഴയിൽ കയറുന്നതിന് തടസമാകുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട് തൊഴിലാളികൾക്കിടയിൽ. എന്നാൽ കണ്ടൽ അടിഞ്ഞുകൂടുന്നതുമൂലം ഓക്‌സിജന്റെ അളവിൽ വരുന്ന കുറവ് വേലിയേറ്റവും ഇറക്കവും സുഗമമായി നടക്കുന്ന പട്ടുവം പുഴയിൽ ബാധിക്കില്ലെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നത്.

പട്ടുവത്തെ മീൻസമൃദ്ധി

മത്സ്യാഹാരികൾക്ക് പ്രിയപ്പെട്ട വിഭവങ്ങളായ കരിമീൻ, ചെമ്പല്ലി, തിരുത, കച്ചായി, നോങ്ങൽ എന്നിവ യഥേഷ്ടം ലഭിച്ചിരുന്ന ഇടമായിരുന്നു പട്ടുവം പുഴ.