തലശ്ശേരി: ഉൾനാടൻ കുഗ്രാമത്തിലെ നിർദ്ധന കുടുംബത്തിൽ ജനിച്ച്, പ്രാഥമിക വിദ്യാഭ്യാസ മാത്രം സിദ്ധിച്ച് ബീഡി തൊഴിലാളിയായി ജോലി നോക്കി സ്വയമാർജ്ജിച്ച അറിവിന്റെ വെളിച്ചത്തിൽ നാല് ഭാഷകളിലെ പദാവലികളുടെ സൂക്ഷിപ്പുകാരനായി മാറിയ കോടിയേരിയിലെ ഞാറ്റ്വേല ശ്രീധരന് ഇത് ജീവിത സാഫല്യം.ദ്രാവിഡ ഭാഷാഗോത്രത്തിലെ പ്രധാന ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട മലയാളം ഭാഷാനിഘണ്ടുവെന്ന സ്വപ്നസാഫല്യത്തിനരികെയാണിപ്പോൾ ഇദ്ദേഹം. 900 പേജുകളിലായി ഒന്നേകാൽ ലക്ഷത്തോളം വാക്കുകളുള്ള ചതുർഭാഷ നിഘണ്ടു സീനിയർ സിറ്റിസൺസ് ഫോറം ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിക്കും.

അക്കാദമിക് പാണ്ഡിത്യമോ സർവ്വകലാശാല ബിരുദമോ ഇല്ലാതെ ഒരു സാധാരണക്കാരൻ, സമഗ്രതയുള്ളചതുർഭാഷാ നിഘണ്ടുവിന്റെ കർത്താവായി മാറുന്നത് വലിയ അത്ഭുതം തന്നെയായാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടുകാലം തന്റെ കുടുംബത്തെ പോലും മറന്ന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ നഗര വീഥികളിലും, നാട്ടു പാതകളിലും ഒരവധൂതനെപ്പോലെ അലഞ്ഞു നടന്ന ശ്രീധരൻ നാട്ടിൽ തിരിച്ചെത്തുന്നത് തമിഴ്, തെലുങ്ക്, കന്നട മലയാളം ഭാഷകളുടെ താക്കോൽ സൂക്ഷിപ്പുകാരനായിട്ടായിരുന്നു.

മലയാളത്തിന് ആദ്യ നിഘണ്ടു സമ്മാനിച്ച ഹെർമ്മൻ ഗുണ്ടർട്ടിനോടുള്ള ആരാധനയും ദ്രാവിഡ സംസ്‌കൃതിയോടും ദ്രാവിഡ ഭാഷകളോടുമുള്ള ഉൽക്കടമായ അഭിനിവേശമാണ് ശ്രീധരനെ ഭാഷയുടെ വൃത്തവും വൃത്താന്തവും അർത്ഥ തലങ്ങളും തേടാൻ പ്രേരിപ്പിച്ചത്. ദാരിദ്രവും രോഗാതുരത്തും ശരീരത്തേയും മനസ്സിനേയും വേട്ടയാടിപ്പോഴും തന്റെ ജീവിത നിയോഗത്തിൽ നിന്നും ഈ ഭാഷാസ്‌നേഹി പിന്തിരിഞ്ഞില്ല.
വർഷങ്ങൾ നീണ്ട കഠിനയാതനകൾക്കൊടുവിൽ രചന പൂർത്തിയാക്കിയെങ്കിലും പ്രസാധകരെ കിട്ടാത്തതിനാൽ പ്രസിദ്ധീകരണ സാഹചര്യമൊരുങ്ങിയില്ല. ഡോ:കെ.പി.മോഹനൻ മുൻ കെയെടുത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം തമിഴ് നിഘണ്ടു പ്രസിദ്ധീകരിക്കാൻ തയ്യാറായെങ്കിലും എന്നാൽ ചതുർഭാഷാ നിഘണ്ടുവിന്റെ കാര്യത്തിൽ അവരും കൈയൊഴിഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സീനിയർ സിറ്റിസൺ ഫോറം ഇദ്ദേഹത്തിന്റെ ജീവിതസാഫല്യമായ പുസ്തകം പ്രസിദ്ധീകരിക്കാൻ മുന്നോട്ടുവന്നത്.
ഈ ശബ്ദകോശ നിർമ്മാണത്തിന് ജീവിതം തന്നെ സമർപ്പിച്ച ശ്രീധരന്റെ നിഘണ്ടു രചനാ നാൾവഴികളിലേക്ക് വിരൽ ചൂണ്ടി യുവസംവിധായകനായ നന്ദൻ തയ്യാറാക്കിയ 'വാക്കുകളെ സ്വപ്നം കാണുമ്പോൾ ' എന്ന ഡോക്യുമെന്ററി ഇന്നലെ വൈകീട്ട് തലശ്ശേരിയിൽ പ്രദർശിപ്പിച്ചു.

അഭപാളികളിൽ തെളിഞ്ഞ തന്റെ മുഖഭാവങ്ങൾ നോക്കിക്കാണുന്ന ഞാറ്റ്വേല ശ്രീധരൻ