കാസർകോട്: കാസർകോട് ചെമ്പരിക്ക സ്വദേശി തസ്ലീമിന്റെ കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന വിവരം പുറത്തുവന്നു. നേരത്തെ കൊല്ലപ്പെട്ട ഉപ്പളയിലെ ഗുണ്ടാനേതാവിന്റെ സംഘത്തിൽപ്പെട്ടവരും എതിരാളികളും തമ്മിലുള്ള കുടിപ്പകയാണ് തസ്ലീമിന്റെ കൊലപാതകത്തി​ൽ കലാശി​ച്ചത്. ഉപ്പളയി​ലെ കൊല്ലപ്പെട്ട ഗുണ്ടാനേതാവിനും സംഘത്തിനും തോക്കും മറ്റ് ആയുധങ്ങളും എത്തി​ച്ചുനൽകി​യത് തസ്ളീമായി​രുന്നു. ഇതേതുടർന്നാണ് തസ്ലീം ഗുണ്ടാ നേതാവി​ന്റെ

എതിരാളികളുടെ ശത്രുവായി മാറിയത്. കർണാടകയിലെ ജ്വല്ലറി കവർച്ച കേസിൽ തസ്ലിമിനെ കുടുക്കിയതും ഇതേ ഗുണ്ടാസംഘം തന്നെയാണ്. ഇന്നലെ ഇന്നോവ കാറി​ൽ കഴുത്തറുത്ത് കൊലപ്പെടുത്തി​യ നി​ലയി​ലാണ് തസ്ളീമി​ന്റെ മൃതദേഹം കണ്ടത്.

ചെറുപ്പത്തിൽത്തന്നെ ദുബായിലെത്തി ജോലിക്ക് ചേരുകയും അവിടുത്തെ അധോലോകത്തിന്റെ വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതോടെ തസ്ലിം അന്വേഷണ സംഘത്തിന്റെ ഉറ്റതോഴനായി​ മാറി​യിരുന്നു. 'ഇൻഫോർമർ' എന്ന നിലയിലാണ് പിന്നീട് തസ്ലിമിന്റെ വളർച്ച. താൻ 'ഡോൺ: ആണെന്ന് ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തിയതോടെയാണ് ഇയാൾ നാട്ടിൽ അറിയപ്പെട്ടത്. അതിനിടെ ബേക്കൽ പൊലീസ് വീട്ടിൽ റെയ്ഡ് നടത്തി തോക്കും വ്യാജ പാസ്പോർട്ടും പിടിച്ചെടുത്തതോടെ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വെളിവായി. കർണാടകയിലെ നിരവധി അധോലോക സംഘങ്ങളുമായി തസ്ലീമിന് ബന്ധമുണ്ടെന്ന വിവരമുണ്ട്.