തൃക്കരിപ്പൂർ: ജൈവവൈവിധ്യത്തിന്റെ കലവറയായ തണ്ണീർത്തടങ്ങളെ കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്ത് കുരുന്നുകൾ. ലോക തണ്ണീർത്തട ദിനത്തിൽ ഇടയിലെക്കാട് നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് കവ്വായിക്കായലോരത്ത് ഒത്തുചേർന്ന് നാശത്തിലേക്ക് നീങ്ങുന്ന തണ്ണീർത്തടങ്ങളെ കാക്കാൻ നാടാകെ തയ്യാറാകണമെന്ന സന്ദേശം മുഴക്കിയത്.

വികസനത്തിന്റെ തീച്ചൂളയിൽ തണ്ണീർത്തടങ്ങളിലെ ആവാസവ്യവസ്ഥയാകെ തകിടം മറിയുമ്പോൾ മിക്ക ജന്തുക്കളും സസ്യങ്ങളും മൺമറയുകയാണെന്ന സത്യം തിരിച്ചറിയണമെന്ന് പ്രതിജ്ഞയിലൂടെ കുട്ടികൾ ചൊല്ലിയുറപ്പിച്ചു.

ഇടയിലെക്കാട്ടിലും പരിസരങ്ങളിലുമുള്ള കണ്ടൽക്കാടുകളിലേക്കും കായലോരങ്ങളിലേക്കും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ കുട്ടികൾ ശേഖരിച്ചു. കവ്വായിക്കായലിന്റെ ജൈവസമ്പന്നതയുടെ അടയാളങ്ങളായി ഒട്ടേറെ ജീവജാലങ്ങൾക്ക് തണലേകുന്ന ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, ഭ്രാന്തൻ കണ്ടൽ, വള്ളിക്കണ്ടൽ, നല്ല കണ്ടൽ, എഴുത്താണിക്കണ്ടൽ, പൂക്കണ്ടൽ, കടക്കണ്ടൽ, കണ്ണാമ്പൊട്ടി, ചുള്ളിക്കണ്ടൽ എന്നീ കണ്ടലുകളും മച്ചും പൊതി, പുഴമുല്ല എന്നീ സഹകണ്ടലുകളും കുട്ടികൾ തിരിച്ചറിഞ്ഞു.

വർഷം ആറു മാസമെങ്കിലും ജലസമൃദ്ധിയുള്ള തണ്ണീർത്തടങ്ങളായ കൊച്ചു ജലാശയങ്ങളും കുളങ്ങളും തോടുകളും പുഴകളും കായലുകളും നികരാതെ, മലിനീകരിക്കപ്പെടാതെ സംരക്ഷിക്കാനുള്ള യത്നത്തിന്റെ ഭാഗമായി, വിഷയങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്താനും അവർ തീരുമാനിച്ചു.

പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ക്ലാസെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ് പി.വി പ്രഭാകരൻ, സെക്രട്ടറി പി. വേണുഗോപാലൻ, എം. മോഹനൻ, കെ.വി സുമ, എം. നിഖില, കെ.വി ആരതി എന്നിവർ സംസാരിച്ചു.