കണ്ണൂർ:ഗെയിലിന്റെ കൊച്ചി – മംഗളുരു വാതക പൈപ്പ് ലൈൻ പദ്ധതി മാർച്ചിൽ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രധാന നഗരങ്ങളിൽ പാചകവാതകം പൈപ്പിലൂടെ വീടുകളിൽ എത്തും. കാസർകോട് ജില്ലയിൽ ചന്ദ്രഗിരി പുഴയിലൂടെയുള്ള പൈപ്പിടലാണ് ശേഷിക്കുന്നത്. അതും അടുത്ത മാസം പൂർത്തിയാവും.
കോഴിക്കോട് ചാലിയാർ, ഇരുവഴിഞ്ഞി, കുറ്റ്യാടി, മലപ്പുറത്ത് ഭാരതപ്പുഴ, എന്നീ പുഴകൾക്കടിയിലൂടെയുള്ള പൈപ്പിടൽ പൂർത്തിയായി. 96 കിലോമീറ്റർ ദൂരത്തിലുള്ള കൊച്ചി – കൂറ്റനാട് ലൈനിൽ പ്രവൃത്തികൾ കഴിഞ്ഞു. സുരക്ഷാ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
404 കിലോമീറ്റർ
കൊച്ചി – കൂറ്റനാട് – മംഗലാപുരം പൈപ്പ് ലൈൻ മൊത്തം 404 കിലോമീറ്ററാണ്. ഇതിന്റെ 99ശതമാനം ജോലികളും പൂർത്തിയായി. കേരളത്തിലെ ഏഴ് ജില്ലകളിലൂടെയാണ് പൈപ്പ് ലൈൻ പോകുന്നത്. കേരളത്തിലെ ജോലികൾ കഴിഞ്ഞെങ്കിലും ലൈനിന്റെ ഭൂരിഭാഗവും വരുന്ന തമിഴ്നാട്ടിൽ വേഗം പോരെന്ന പരാതിയുണ്ട്.
പ്രധാന പൈപ്പ് ലൈനുകൾ ഗെയിലും വീടുകളിലേക്കും മറ്റും വിതരണത്തിനുള്ള പൈപ്പ് ശൃംഖലകൾ ഐ.ഒ.സിയും അദാനി ഗ്രൂപ്പുമാണ് സ്ഥാപിക്കുന്നത്. ഇവ രണ്ടും ഒന്നിച്ച് സ്ഥാപിക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും അത് നടന്നില്ല. കമ്പനികൾക്കും മറ്റുമുള്ള വലിയ അളവിലുള്ള വാതക വിതരണമാണ് ഗെയിൽ നടപ്പാക്കുന്നത്. വീട്, വാഹനങ്ങൾ എന്നിവയ്ക്കുള്ള വാതക വിതരണം അടുത്ത മാസത്തോടെ പൂർണതോതിലാകും.
2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയിൽ കൊച്ചി – മംഗളൂരു, കൊച്ചി – കോയമ്പത്തൂർ – ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. ഇഴഞ്ഞുനീങ്ങിയ പദ്ധതിക്ക് ഈ സർക്കാർ വന്നതോടെ 2016 ജൂണിലാണ് ജീവൻ വച്ചത്.
ലാഭം ഇങ്ങനെ:
വില: ഒരു കിലോ സി. എൻ.ജി - 55 രൂപ
ഇന്ധനക്ഷമത : 40- 42 കിലോമീറ്റർ
നാലംഗ കുടുംബത്തിന് പാചകവാതകം ഒരു മാസം - 200 രൂപ
നിലവിൽ - 750 രൂപ
''പദ്ധതി പൂർത്തിയാകുന്നതോടെ കുറഞ്ഞ ചിലവിൽ പാചകവാതകം പൈപ്പുകളിലൂടെ വീടുകളിൽ എത്തിക്കും. വാഹനങ്ങൾക്കും വീടുകളിലും മറ്റും സിറ്റി ഗ്യാസ് ഉപയോഗിക്കുന്നതോടെ ജീവിതച്ചെലവ് കുറയും''.
-- കെ.ആർ.രാജേഷ്
ലെയ്സൺ ഓഫീസർ, ഗെയിൽ