കാസർകോട്: ഉദുമ പഞ്ചായത്തിൽ അനധികൃത കെട്ടിടങ്ങൾ പെരുകി വരുന്നതായി പരാതി ഉയരുന്നതോടൊപ്പം ഇത്തരം കെട്ടിടങ്ങളുടെ രേഖകൾ പഞ്ചായത്തിലില്ലെന്ന വെളിപ്പെടുത്തലും. പഞ്ചായത്തിൽ പൊങ്ങിവരുന്ന കെട്ടിടങ്ങൾ സംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ മാങ്ങാട് സ്വദേശി എം. ബാവക്കുഞ്ഞിക്ക് കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അനുമതി ഇല്ലാതെ നിർമ്മിച്ചുവരുന്ന കെട്ടിടങ്ങളുടെ നികുതി ഈടാക്കുന്നതിലും നടപടി എടുക്കുന്നതിലും അലംഭാവം കാണിക്കുന്നതായും വ്യാപകമായി പരാതി ഉണ്ട്. ഉദുമ പള്ളത്തും മാങ്ങാടും സ്വകാര്യ വ്യക്തി പണിതുയർത്തിയ ബഹുനില മാളികയുടെ വിവരങ്ങൾ അറിയാൻ ചോദിച്ചപ്പോഴാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രേഖകൾ കാണാനില്ലെന്ന് മറുപടി കൊടുത്തത്. കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിനായി ഹാജരാക്കിയ പ്ലാൻ, സൈറ്റ് പ്ലാൻ, കെട്ടിടം ആരുടെ പേരിലാണ് തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ പ്രവർത്തകൻ ചോദിച്ചിരുന്നത്. ഇതിനുള്ള മറുപടിയിൽ കെട്ടിടത്തിന്റെ നമ്പറും ഉടമയുടെ പേരും മാത്രമാണ് സെക്രട്ടറി നൽകിയത്. മറ്റുള്ള വിവരങ്ങൾ ഓഫീസിലെ അസസ്‌മെന്റ് രജിസ്റ്റർ പരിശോധിച്ചപ്പോൾ കാണാനില്ലെന്നായിരുന്നു മറുപടി നൽകിയത്.
എന്നാൽ മാങ്ങാട്ടെ കെട്ടിടത്തിന് 2012 മുതൽ 2019 വരെ 3333 രൂപ നികുതി അടച്ചിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
അതിർത്തിയിൽ നിന്ന് എത്ര അകലം പാലിച്ചുകൊണ്ടാണ് കെട്ടിടം പണിതതെന്ന ചോദ്യത്തിനും ഇതിന്റെ രേഖകളും ഓഫീസിൽ കാണാനില്ലെന്ന മറുപടി നൽകിയ വിവരാവകാശ ഓഫീസർ ഷോപ്പ് മുറിയായി ഉപയോഗിക്കുന്നതിനാണ് കെട്ടിടം പണിതതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പള്ളം കെട്ടിടത്തിൽ എത്ര നിലയുള്ള കെട്ടിടം പണിയാനാണ് അനുമതി നൽകിയത് എന്ന ചോദ്യത്തിനും മറുപടി നൽകിയിട്ടില്ല. ഇതേ തുടർന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർക്ക് അപ്പീൽ നൽകിയിരിക്കുകയാണ് വിവരാവകാശ പ്രവർത്തകൻ.
50,000 അടയ്ക്കേണ്ടിടത്ത് 3000
നികുതി ഇനത്തിൽ വലിയ തിരിമറി ആണ് നടന്നിരിക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് നില കെട്ടിടത്തിന് പ്രതിവർഷം ചുരുങ്ങിയത് അമ്പതിനായിരം രൂപയെങ്കിലും നികുതി അടക്കണം. ആ സ്ഥാനത്താണ് മൂവായിരത്തിലധികം രൂപ മാത്രം അടച്ചിരിക്കുന്നത്.
ഇംഗ്ളീഷിൽ കത്തെഴുതി ചോദിച്ചതുകൊണ്ട് മറുപടി തരാതിരുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
എം. ബാവക്കുഞ്ഞി, വിവരാവകാശ പ്രവർത്തകൻ