കാഞ്ഞങ്ങാട് ഫയർസ്റ്റേഷനിൽ 5 ഫയർ എഞ്ചിനുകൾക്ക് 4 ഡ്രൈവർമാർ

കാഞ്ഞങ്ങാട്: മകരത്തിൽ മരംകോച്ചുന്ന തണുപ്പെന്ന പഴമൊഴി പഴങ്കഥയാകുന്നു. മകരം പകുതിയായതോടെ തന്നെ വെയിലിനു കാഠിന്യമേറുകയാണ്.

വെയിലിനു ചൂടുകൂടിത്തുടങ്ങിയതോടെ അഗ്നിശമനസേനാംഗങ്ങൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതാവുകയാണ്. ദിവസവും നാലും അഞ്ചും സ്ഥലങ്ങളിൽനിന്നാണ് തീപിടുത്ത സന്ദേശമെത്തുന്നത്. ഇപ്പോൾതന്നെ ഒരുദിവസം ശരാശരി അഞ്ചു കേസെങ്കിലും ഹൊസ്ദുർഗ് ഫയർസ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ദേശീയപാതയിൽ ചാലിങ്കാലിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ രണ്ടു മണിക്കൂറിലേറെ വേണ്ടിവന്നു. കാഞ്ഞങ്ങാട് ഫയർസ്റ്റേഷനിൽ അഞ്ച് ഫയർ എഞ്ചിനുകൾ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് ഉള്ളത്. നാലു ഡ്രൈവർമാരുമുണ്ട്. രണ്ട് ഫയർമാന്മാരുടെ ഒഴിവും ഇവിടെയുണ്ട്. വെയിലിനു ചൂടുകൂടുന്നതോടെ കേസുകളുടെ എണ്ണം പത്തുവരെയാകാം.

തൊട്ടടുത്ത തൃക്കരിപ്പൂർ ഫയർസ്റ്റേഷനിൽ ശരാശരി അഞ്ചുകേസുകൾ ഇപ്പോൾതന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കാരണങ്ങൾ

റോഡ് സൈഡുകളിലെ പറമ്പുകളിൽ യഥാസമയം പുല്ലുനീക്കം ചെയ്യാതിരിക്കുന്നതും പകൽസമയത്ത് പുല്ലുകൾ കത്തിക്കുന്നതുമൊക്കെയാണ് തീപിടുത്തം വ്യാപകമാക്കുന്നത്. ഇതിനുപുറമെ പുകവലിക്കാർ അശ്രദ്ധയോടെ വലിച്ചുതള്ളുന്ന സിഗററ്റ് കുറ്റികളും തീപിടിത്തത്തിനിടയാക്കുന്നുണ്ട്.

തീപിടുത്തത്തിനെതിരെ ജാഗരൂകരായിരിക്കാൻ സ്‌കൂൾതലത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നുണ്ട്

കാഞ്ഞങ്ങാട് ഫയർസ്റ്റേഷൻ