കാഞ്ഞങ്ങാട്: വൈദ്യുതി വിതരണ മേഖലയിൽ പൂർണ്ണ സ്വകാര്യവൽക്കരണം നടത്തുന്നതിനുവേണ്ടി കേന്ദ്ര ഗവൺമെന്റ് വൈദ്യുതി നിയമം വീണ്ടും ഭേദഗതി ചെയ്യുകയാണെന്നും മീറ്ററുകൾ പൂർണമായി പ്രീപെയ്ഡ് മീറ്ററുകൾ ആക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം ചൂണ്ടിക്കാട്ടി. വിനാശകരമായ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്ന സമ്മേളനം കേന്ദ്രത്തോടാവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.പി ബാബു രക്തസാക്ഷി പ്രമേയവും കെ. ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് സംഘടനാ റിപ്പോർട്ടും ഡിവിഷൻ സെക്രട്ടറി കെ. ശശിധരൻ പ്രവർത്തന റിപ്പോർട്ടും ടി.എസ് ഗോപാലകൃഷ്ണപിള്ള വരവുചെലവ് കണക്കും അവതരിപ്പിച്ചു.