കാഞ്ഞങ്ങാട്: കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ചുമതല നെഹ്‌റുകോളേജിന്. കേന്ദ്ര സർക്കരിന്റെ പരമാർശ് പദ്ധതിയിലാണ് കോളേജിന് അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്തെ 18 എയ്ഡഡ് കോളേജുകളോടൊപ്പം നെഹ്രു കോളേജിനെയും പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവഴി കോളേജിന് യു.ജി.സിയുടെ 30 ലക്ഷം രൂപ ലഭിക്കും. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എ മുരളീധരനെ പദ്ധതിയുടെ അക്രഡിറ്റേഷൻ അംബാസിഡറായി നിയമിച്ചതായും കോളേജ് പ്രിൻസിപ്പൽ ഡോ. ടി. വിജയൻ വാർത്താസമ്മേളനത്തിലറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഏഴുകോളേജുകളുമായി പ്രത്യേക ധാരണാ പത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. വർഗ്ഗീസ് വൈദ്യൻ ക്ലാസ്സെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. എ. മുരളീധരൻ, കെ. രാമനാഥൻ, ഡോ. കെ.വി മുരളി എന്നിവരും സംബന്ധിച്ചു.
അക്രഡിറ്റേഷൻ ഇല്ലാത്ത കോളേജുകളെ അക്രഡിറ്റേഷനു സജ്ജമാക്കുന്ന രീതിയിൽ മാർഗ്ഗ നിർദ്ദേശം നൽകാനാണ് യു.ജി.സി പരാമർശ് പദ്ധതി ആവിഷ്‌കരിച്ചത്.