കാസർകോട്: നിരവധി കേസുകളിലെ പ്രതിയായ കാസർകോട് ചെമ്പിരിക്ക സ്വദേശി തസ്ളീം എന്ന മൂത്ത തസ്‌ലിമിനെ (35) കർണാടകയിൽ ഇന്നോവ കാറിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത് വാടക കൊലയാളികളാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. ഉപ്പള കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിൽപ്പെട്ട പൈവളികെ സ്വദേശി ഉൾപ്പെടെ നാലംഗ സംഘം കർണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
മംഗളൂരു റൂറലിലെ ബണ്ട്വാളിനടുത്തുവച്ചാണ് കൊലപാതകം നടന്നത്. ഉഡുപ്പി ജില്ല പൊലീസ് മേധാവി വിഷ്ണുവർദ്ധൻ, അഡിഷണൽ എസ്.പി. വിക്രം ആംതെ, സിറ്റി ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്‌പെക്ടർ ചെലുവരാജു എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം കൊലപാതകം നടന്ന സ്ഥലവും മൃതദേഹം കണ്ടെത്തിയ കാറും പരിശോധിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കഴിഞ്ഞ ജനുവരി 31ന് ബന്തറിലെ അരുൺ ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട് കൽബുർഗി ജയിലിൽ റിമാൻഡ് കഴിഞ്ഞ് നാട്ടിലേക്ക് വരാനായി നിൽക്കുന്നതിനിടയിൽ ഇന്നോവ കാറിലെത്തിയ ആറംഗ സംഘം തട്ടികൊണ്ട് പോകുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് കൊലയാളിസംഘം വിജനമായ വഴികളിലൂടെ മൈതാനത്തിന് അടുത്തേക്ക് കാർ ഓടിച്ചു കയറ്റിയ ശേഷം തസ്ലിമിന്റെ കഴുത്തറുത്ത് രക്ഷപ്പെടുകയായിരുന്നു. രണ്ട് കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കവും ഉപ്പളയിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉപ്പള സ്വദേശിയും എറണാകുളത്തെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതിയുമായ റഫീഖിന്റെ വാടക കൊലയാളികളാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നുണ്ട്.
കാലിയയുടെ ചോരയുടെ കണക്കോ?
2017 ൽ കർണാടകയിലെ ഉള്ളാളിൽ വച്ച് ഉപ്പളയിലെ ഗുണ്ടാനേതാവ് കാലിയ റഫീഖിനെ കൊന്നുതള്ളിയതിലെ പ്രതികാരമാണോ തസ്ലിമിനെതിരെയുണ്ടായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാലിയ റഫീഖ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ തസ്ലീമിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ഒരു യാത്രക്കിടെ തന്നെയാണ് കാലിയ റഫീഖും കൊല്ലപ്പെടുന്നത്.