കണ്ണൂർ: കേരള ബാങ്ക് രൂപീകരിക്കാൻ വേണ്ടി ലയിച്ച ജില്ലാ ബാങ്കുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തില്ലെന്ന് പി. എസ്..സി സർക്കാരിനെ അറിയിച്ചു. ഇതോടെ പരീക്ഷയെഴുതിയ അയ്യായിരത്തോളം ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നത്തിന് മങ്ങലേറ്റു. പ്രതീക്ഷിക്കുന്ന ഒഴിവുകൾ അറിയിക്കാൻ കഴിഞ്ഞ വർഷം ജനുവരിയിൽ സർക്കാർ നിർദ്ദേശം നൽകിയതാണെങ്കിലും മിക്ക ജില്ലാ ബാങ്കുകളും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.ഒഴിവുകളുണ്ടായിട്ടും റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനു പോലും നിയമനം കിട്ടിയില്ലെന്നാണ് പ്രധാന പരാതി. കേരള ബാങ്ക് നിലവിൽ വന്ന സാഹചര്യത്തിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും നിയന്ത്രണം വേണ്ടി വരുമെന്നും പി.എസ്.സി അറിയിച്ചിട്ടുണ്ട്.

ജില്ലാ ബാങ്ക് നിയമനം പി.എസ്.സിക്ക് കൈമാറിയതോടെയാണ് എല്ലാം അവതാളത്തിലായതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. പ്രൊമോഷൻ വഴി നിയമനം നൽകുന്നതിനു പകരം പുതിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ കൂടി പരിഗണിച്ച് നിശ്ചിതഅനുപാതം ഉറപ്പുവരുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഏറ്റവും ഒടുവിൽ ആകെ 98 പേർക്കാണ് നിയമനം ലഭിച്ചത്. മുൻവർഷങ്ങളിൽ 1500 പേർക്കു വരെ നിയമനം ലഭിച്ചിരുന്നു.

പരീക്ഷ നടത്തിയത് 2015 ഡിസംബറിൽ റാങ്ക് ലിസ്റ്റ് വന്നത് 2017 ജനുവരിയിൽ