കണ്ണൂർ:റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരെ കണ്ടെത്തി പുറത്താക്കാനുള്ള അധികൃതരുടെ നടപടയിൽ ജില്ലയിൽ ഇതുവരെ പുറത്തായത് 3950 പേർ.ഇവരിൽ നിന്നും ഇതുവരെയായി 300971രൂപ പിഴ ഈടാക്കിയാതായി സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

സ്വയം പുറത്ത് പോകാൻ തയാറായി നിരവധി പേ‌ർ സിവിൽ സപ്ലൈസ് ഒാഫീസിൽ എത്തുന്നുണ്ട്. ഇതിന് പുറമെ അനർഹരായിട്ടും ഇതേ പട്ടികയിൽ​ തന്നെ തുടർന്ന് ആനുകൂല്യങ്ങൾ പറ്രുന്നവരെ കൈയോടെ പിടികൂടാൻ അധികൃതർ വീടുകൾ കയറിയുള്ള പരിശോധനയും നടത്തുന്നുണ്ട്.

ഇത്തരത്തിൽ അനർഹരായി കണ്ടെത്തിയവരിൽ നിന്ന് അതു വരെ കൈപറ്റിയ ആനുകൂല്യത്തിന് സമാനമായി പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.അനർഹർ ആനുകൂല്യങ്ങൾ കൈപറ്റുന്നത് തടയുന്നതിനാവശ്യമായ കർശന നടപടികൾ ഇനിയും തുടരുമെന്നും അധികൃതർ പറഞ്ഞു.

പരിശോധനയിൽ ഉയർന്ന സാമ്പത്തിക ശേഷിയുള്ള നിരവധി പേർ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പലരും നേരത്തെ തന്നെ മുൻ ഗണനാ പട്ടികയിൽ നിന്നും സ്വയം ഒഴിഞ്ഞുപോയിരുന്നു.എങ്കിലും സ്വയം പുറത്തുപോകാൻ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതെ ആനുകൂല്യങ്ങൾ കൈപറ്റുന്ന ചിലർ ഇനിയും പട്ടികയിൽ നിന്ന് പുറത്തു പോകാനുണ്ട് .അനർഹരെ പാടെ ഒഴിവാക്കി അ‌ർഹിക്കുന്നവർക്ക് മാത്രം റേഷൻ ലഭ്യമാക്കുകയെന്നതാണ് കാഅധിൃതരുടെ തീരുമാനം.

സൗകര്യങ്ങളെല്ലാ ഉള്ളവരും അനർരഹരുടെ പട്ടികയിൽ

വിലകൂടിയ കാർ സ്വന്തമായ് ഉള്ളവരും നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ അധികം വീട് ഉള്ളവരുമെല്ലാം ബി.പി.എൽ കാർഡിൽ ഇടം പിടിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തിൽ ആനുകൂല്യങ്ങൾ കൈപറ്റിയ അനർഹരിൽ നിന്ന് ഇതു വരെ വാങ്ങിയ റേഷന്റെ പിഴ ഈടാക്കി എ.പി.എൽ കാർഡിൽ ഉൾപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.