പുതിയകാലത്തെ ജോലികളും ശീലങ്ങളും കൃത്യസമയത്തെ ആഹാരം എന്ന ചിട്ടയിൽ നിന്ന് നമ്മെ അകറ്റുന്നു. എന്നാൽ ക്രമംതെറ്റിയ ആഹാരം നിങ്ങളെ രോഗികളാക്കുകയാണ്. അസിഡിറ്റി കൊണ്ട് പ്രശ്നമനുഭവിക്കുന്നവർ ഏറെയുണ്ട് നമ്മുടെ സമൂഹത്തിൽ. ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.
ഭക്ഷണം കഴിച്ചയുടൻ വയറിൽ എരിച്ചിൽ അനുഭവപ്പെടുകയാണ് ആദ്യം. നെഞ്ചെരിച്ചിലും പുളിച്ച് തികട്ടലും ഉണ്ടാകും. ചികിത്സ വൈകിയാൽ അൾസറിലേക്ക് മാറും. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. അമിതമായ തോതിൽ ഉത്പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടൽ തുടങ്ങുന്ന ഭാഗത്തോ ദുർബലതയുണ്ടാകുകയും കാലക്രമേണ അൾസറായി മാറുകയും ചെയ്യാം.
അൾസർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാൽത്തന്നെ അൾസറിന്റെ ചികിത്സയിൽ അസിഡിറ്റിയുടെ തോത് കുറയ്ക്കുക പ്രധാനമാണ്.
ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾക്ക് പുറമെ മാനസിക സംഘർഷം, പുകവലി, മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോത് വർദ്ധിപ്പിക്കുന്നു. എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കണം. നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. ഭക്ഷണം കൃത്യസമയത്ത് തന്നെ ശീലിക്കുക. വയറൊഴിഞ്ഞിരിക്കാതിരിക്കാൻ ഇടയ്ക്കിടെ പഴങ്ങളും ഭക്ഷിക്കാം. അസിഡിറ്റി കൂടിയവർ അമ്ലത്വം കൂടിയ ചെറുനാരങ്ങ പോലുള്ളവ ഒഴിവാക്കുക. ഭക്ഷണത്തിന് അരമണിക്കൂർ മമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. അതുപോലെ ഭക്ഷണം സാവധാനം കഴിക്കണം. അമിതമായി കഴിക്കുകയുമരുത്.
ഭക്ഷണം കഴിച്ചയുടനുള്ള ഉറക്കം ഒഴിവാക്കുക. അമിതവണ്ണവും അസിഡിറ്റിയ്ക്ക് കാരണമാകും. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ഡോ. ശില്പ എം.വി,
വി.എം ഹോസ്പിറ്റൽ,
ഗവ. ആശുപത്രിക്ക് സമീപം,
മട്ടന്നൂർ
ഫോൺ: 9846366000