കണ്ണൂർ: അർദ്ധ രാത്രിയോടെ കണ്ണൂരിലെത്തുന്ന ജനശതാബ്ദി ട്രെയിന്റെ കണക്ഷൻ ബസ് സർവീസ് ഒരു മണിക്കൂർ നേരത്തെയാക്കിയ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർക്കെതിരെ പ്രതിഷേധവുമായി ജനം. നേരത്തെ കയറിരിക്കുന്ന യാത്രക്കാർ ബഹളം വെക്കുന്നതും കളക്ഷൻ കൂടുതൽ ലഭിക്കുന്നതും മൂലമാണ് മറ്റ് മൂന്ന് ബസുകളോടൊപ്പം എക്സിക്യൂട്ടീവ് കണക് ഷൻ ബസായി ഓടുന്നതെന്ന് പറയുന്ന ഡിപ്പോ അധികൃതർ പെരുംകള്ളമാണ് തട്ടിവിടുന്നതെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
കുറച്ചുദിവസം മുമ്പ് വരെ കാസർകോട് ഡിപ്പോയുടെ ഈ ബസ് ശതാബ്ദി എക്സ് പ്രസ് കണ്ണൂരിലെത്തുന്നതുവരെ താവക്കര അണ്ടർബ്രിഡ്ജ് കഴിഞ്ഞുള്ള സ്ഥലത്ത് നിർത്തിയിടുകയാണ് പതിവ്. ഇതിലെ ജീവനക്കാർക്ക് ഒന്നുരണ്ട് മണിക്കൂറുകൾ വിശ്രമിക്കാനും ഇതുവഴി സാധിച്ചിരുന്നു. എക്സിക്യൂട്ടീവ് എക്സ് പ്രസിലെ യാത്രക്കാർ കയറിയിരുന്ന് പെട്ടെന്ന് ബസ് വിടാൻ ബഹളം വെക്കുന്നത് പതിവാണന്ന കാസർകോട് ഡിപ്പോ അധികൃതരുടെ വാദം പെരുങ്കള്ളമാണെന്ന് ഇത് വ്യക്തമാക്കുന്നു. ശതാബ്ദി എക്സ് പ്രസ് ഇല്ലാത്ത ചൊവ്വ,ശനി ദിവസങ്ങളിൽ മാത്രമായിരുന്നു കാസർകോട് ഡിപ്പോയുടെ ബസ് സ്റ്റേഷനിൽ നേരത്തെ കയറ്റിയിട്ടിരുന്നത്.
കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് പാര
എക്സിക്യുട്ടീവ് കണക്ഷനായി കാസർകോടേക്ക് ഓടുമ്പോൾ ശരാശരി 8200 രൂപ വരുമാനം ലഭിക്കുന്നുവെന്നും ജനശതാബ്ദിയ്ക്ക് കണക്ഷനായി ഓടുമ്പോൾ ചില ദിവസങ്ങളിൽ 5300 രൂപ മാത്രമെ കിട്ടാറുള്ളുവെന്നുമാണ് ഡിപ്പോ അധികൃതരുടെ വാദം.എന്നാൽ കാഞ്ഞങ്ങാട് ഡിപ്പോയിലെ ജീവനക്കാർ ഈ നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുകയാണ്. ഒരുമിച്ച് പുറപ്പെടാൻ തുടങ്ങിയതോടെ കാഞ്ഞങ്ങാട് ഡിപ്പോയുടെ തളിപ്പറമ്പ് വഴി വരുന്ന ബസിന് ഇതുവഴി വൻ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ട്. ചിലവും സമയവും ലാഭിക്കാൻ യാത്രക്കാർ പഴയങ്ങാടി വഴിയുള്ള കാസർകോട് ബസ് പിടിക്കുകയാണിപ്പോൾ. ഇതോടെ പിലാത്തറയ്ക്ക് അപ്പുറം കാഞ്ഞങ്ങാട് ബസ് കാലിയായി ഓടുന്ന അവസ്ഥയുണ്ട്. ഇതാണ് അവസ്ഥയെങ്കിൽ ഈ സർവീസ് ഇല്ലാതാകുമെന്നും ഇവർ പറയുന്നു. വരുമാനം മാത്രം ലക്ഷ്യമിട്ടാണ് ഓടുന്നതെങ്കിൽ ഇതിലും നല്ല വഴി വേറെയില്ലേയെന്ന് കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) യൂണിയന്റെ കാഞ്ഞങ്ങാടിലെ നേതാക്കൾ ചോദിക്കുന്നത്. ജനശതാബ്ദിയ്ക്ക് കണക്ഷൻ എന്ന പേരിലാണ് ഈ സർവീസ് ആരംഭിച്ചതെന്ന കാര്യം മറക്കരുതെന്നും അവർ ഓർമ്മിപ്പിക്കുന്നു.
അംഗീകരിക്കില്ലെന്ന് മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നേതാവ് റഷീദ് കവ്വായി പറഞ്ഞു. കാസർകോട് ഭാഗത്തേക്ക് ഒരു ബസ് തന്നെ തികയാത്ത അവസ്ഥയുള്ളപ്പോൾ നിലവിലുള്ള ബസ് കൂടി ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റഷീദ് പറഞ്ഞു
ഞാൻ പതിവായി ആശ്രയിച്ചിരുന്ന ബസാണ് ജനശതാബ്ദിയുടെ കണക്ഷൻ സർവീസ്. ഇതില്ലാതായ വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തും. പതിനൊന്ന് മണിയ്ക്ക് ശേഷം ബസില്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ ബസുകളും ഇല്ലാത്ത നേരമാണിത്. എം.പിയുടെയും ഡിപ്പോയുടെയും ശ്രദ്ധയിൽ തൊട്ടടുത്ത ദിവസം പെടുത്തും- എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ
പരാതി നൽകുമെന്ന് എം.എൽ.എ മാർ
ഗതാഗത മന്ത്രിയ്ക്ക് ഇതു സംബന്ധിച്ച് പരാതി നൽകുമെന്ന് ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനും പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണനും പറഞ്ഞു. കൂടുതൽ സർവീസിനായും ആവശ്യം ഉയർത്തുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.