കൂത്തുപറമ്പ്: ഓർമ്മയില്ലേ അസ് നയെ. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിലെ ഇരയായി വലതുകാൽ നഷ്ടപ്പെട്ട പത്തുവയസുകാരിയായ കേരളത്തിന്റെ കണ്ണീർപൊട്ട്. 2000 സെപ്റ്റംബർ 27ലെ ആ സംഭവത്തിന് 20 വർഷം പ്രായമെത്തുമ്പോൾ അവൾ നാട്ടുകാരുടെ ഡോക്ടറായിരിക്കുകയാണ്. അതിജീവനത്തിന്റെ പ്രതീകവും.
ഡോക്ടർമാരുടെ ക്ഷാമം അനുഭവപ്പെടുന്ന ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നാട്ടുകാരിയെ തന്നെ ഡോക്ടറായി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു നാട്ടുകാർ ഇന്നലെ. അച്ഛൻ കെ.നാണുവിനും അനുജൻ ആനന്ദിനുമൊപ്പം രാവിലെ 9മണിയോടെയാണ് ഡോ.അസ് ന സ്വന്തം നാട്ടിലെ പി.എച്ച്.സിയിൽ ജോയിൻ ചെയ്യാനെത്തിയത്. നിരവധി നാട്ടുകാരും ഈ സന്തോഷമുഹൂർത്തത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.ആശുപത്രിയിലെ ജീവനക്കാർ അസ്നയെ സ്വീകരിച്ചു.കഴിഞ്ഞ ദിവസമാണ് പാട്യം പഞ്ചായത്ത് അധികൃതർ അസ് നയെ ചെറുവാഞ്ചേരി പി.എച്ച്.സിയിൽ ഡോക്ടറായി നിയമിച്ചത്. മൂന്ന് ഡോക്ടർമാരുടെ ഒഴിവുള്ള ഈ പി.എച്ച്.സിയിൽ ഒരാൾ നേരത്തെ അവധിയിൽ പോയതുകാരണം രോഗികൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന ഘട്ടത്തിലാണ് നാട്ടുകാരി തന്നെ ഡോക്ടറായെത്തിയത്.
'ഇവളാണ് നമ്മ പറഞ്ഞ ഡോക്ടർ'
2000 സെപ്തംബർ 27 ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ പൊട്ടിപ്പുറപ്പെട്ട ബി.ജെ.പി-കോൺഗ്രസ് സംഘർഷമാണ് അഷ് നയെ ഈ നിലയിലെത്തിച്ചത്. പൂവ്വത്തൂർ ന്യൂ എൽ.പി.സ്‌കൂൾ മുറ്റത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്ന അഷ്‌നയുടെ കാൽ ആർ.എസ്.എസ് പ്രവർത്തകരുടെ ബോംബേറിൽ ചിതറുകയായിരുന്നു.അമ്മ ശാന്തക്കും സഹോദരൻ ആനന്ദിനും ബോംബേറിൽ സാരമായി പരിക്കേറ്റിരുന്നു.
ആറാം ക്ലാസ് മുതൽ കൃത്രിമകാലുപയോഗിച്ച് ജീവിതത്തിൽ മുന്നോട്ട് പോയ അസ്‌ന ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് എം.ബി.ബി.എസ്.പൂർത്തിയാക്കിയത്. ആ കേസിൽ 14 ബി.ജെ.പി.പ്രവർത്തകരെ കോടതി ശിക്ഷിച്ചു. എസ്.എസ്.എൽ.സിക്കും ഹയർസെക്കൻഡറിക്കും മികച്ച വിജയം നേടിയ അസ്‌ന 2013 ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. നാലാം നിലയിലെ ക്ലാസ് റൂമിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അന്ന് ഉമ്മൻ ചാണ്ടി സർക്കാർ 38 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സ്ഥാപിച്ചതും വാർത്താപ്രാധാന്യം നേടിയിരുന്നു .നാട്ടുകാരാണ് അസ്‌നയുടെ പഠനചെലവ് ഏറ്റെടുത്തിരുന്നത്.ഇതിന് പുറമെ വീട് നിർമ്മിച്ചുനൽകുകയും ചെയ്തു.