കണ്ണൂർ: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ജീവനക്കാരെ കുറച്ചുകൊണ്ട് പരിഹാരം കാണാനുള്ള നീക്കത്തിന്റെ ഭാഗമായി ജില്ലാ ഡിപ്പോകളിൽ നടപടി തുടങ്ങി. സർവ്വീസുകൾ ക്രമീകരിച്ച് ജീവനക്കാരെ പുറത്തുചാടിക്കാനാണ് നീക്കം. എന്നാൽ സർവ്വീസുകളിൽ ചിലത് നിറുത്തലാക്കിയതോടെ പലയിടത്തും യാത്രാദുരിതം രൂക്ഷമായി.
കഴിഞ്ഞ ദിവസം ഈ വിഷയം ചർച്ചചെയ്യാൻ സി.എം.ഡി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ചില ട്രേഡ് യൂണിയൻ നേതാക്കൾ ഇറങ്ങിപ്പോയിരുന്നു. സർക്കാർ നിർദ്ദേശം നടപ്പിലാക്കുകയാണ് താൻ ചെയ്യുന്നതും ഇതുമായി എല്ലാവരും സഹകരിക്കണമെന്നുമാണ് എം.ഡി ജീവനക്കാരോട് പറഞ്ഞത്.
കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സാമ്പത്തികബാധ്യത കുറയ്ക്കാനും നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങളിലൊന്ന് ജീവനക്കാരെ വെട്ടിച്ചുരുക്കുക എന്നതായിരുന്നു.
ഡിപ്പോകളിലെ പ്രവർത്തനക്ഷമതയില്ലാത്ത മദ്ധ്യനിര മാനേജ്‌മെന്റ് പൊളിച്ചടുക്കണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. ആസ്തികൾ സർക്കാരിനോ മറ്റ് കോർപ്പറേഷനുകൾക്കോ വിറ്റ് ബാദ്ധ്യത കുറയ്ക്കാനും ശുപാർശയുണ്ട്. കെ.എസ്.ആർ.ടിസിയെ പുനരുദ്ധരിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നിയോഗിച്ച സുശീൽ ഖന്നയാണ് ഡിപ്പോ ഭരണം ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങളുമായി റിപ്പോർട്ട് സമർപ്പിച്ചത്.
സുശീൽഖന്ന പറഞ്ഞത്
എല്ലാ മാസവും ശമ്പളത്തിനായി കൈനീട്ടുന്ന രീതി അവസാനിപ്പിക്കണം. കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകണം. ജീവനക്കാരുടെ ആനുകൂല്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ പ്രവർത്തനച്ചെലവുള്ളത് കെ.എസ്.ആർ.ടി.സിയിലാണ്. ഓർഡിനറി യാത്രക്കാരിൽനിന്നുപോലും പെൻഷൻ സെസ് വാങ്ങുന്ന കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യ ഓർഡിനറിയെക്കാൾ കൂടുതൽ യാത്രാക്കൂലി ഉണ്ട്. ഇത് സ്ഥിരം യാത്രക്കാരെ പോലും കെ.എസ്.ആർ.ടി.സിയിൽനിന്ന് അകറ്റുന്നു. സ്വകാര്യ ബസ് ഉടമകളുമായി കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന നീക്കുപോക്കുകളാണ് കോർപ്പറേഷനെ നഷ്ടത്തിലാക്കിയത് . ജീവനക്കാരുടെ താൽപര്യമില്ലായ്മ കാരണം പ്രതിദിനം നഷ്ടപ്പെടുന്നത് 2.50 കോടിയാണ്. ഇത്രയും പണം ഉണ്ടായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ പെടില്ല
അഞ്ച് വർഷം മുമ്പ് ജീവനക്കാർ- 42000
ഇപ്പോൾ- 29800
ഒരു ഷെഡ്യൂൾ- എട്ട് ജീവനക്കാർ
ഇപ്പോൾ- അഞ്ച് പേർ
നാല് വർഷത്തിനുള്ളിൽ വിരമിച്ചത് - 5500
കഴിഞ്ഞ മാസം കളക്ഷൻ- 220 കോടി
ഒരു മാസം ശമ്പളം- 82 കോടി
പെൻഷൻ- 62 കോടി
തിരിച്ചടവ് ഒരു മാസം 27 കോടി
''ജീവനക്കാരെ കുറച്ചുള്ള പരിഷ്കാരം അംഗീകരിക്കാനാകില്ല.അത്തരം തന്ത്രങ്ങളുമായി മാനേജ് മെന്റ് ഇറങ്ങിയാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
-ആർ..ശശിധരൻ
പ്രസിഡന്റ് , ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ