കാഞ്ഞങ്ങാട്: നാക് അക്രഡിറ്റേഷൻ കോളേജുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമാണെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. നെഹ്റുകോളേജിൽ യു.ജി.സി പരാമർശ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു വിസി. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ഏകദിന പരിശീലന പരിപാടിയിൽ പദ്ധതിയുടെ അക്രഡിറ്റേഷൻ അംബാസിഡർ ഡോ. എ. മുരളീധരനും നാക് അസ്സസ്സറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. വർഗീസ് വൈദ്യനും സംബന്ധിച്ചു.
3.35 ഗ്രേഡ്‌പോയിന്റോടു കൂടി അക്രഡിറ്റേഷൻ ലഭിച്ചതിനാലാണ് കോളേജിനെ ഈപദ്ധതിയിൽ ഉൾപ്പെടുത്തിയത്. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഏഴോളം കോളേജുകളുമായി നെഹ്റു കോളേജ് ഇക്കാര്യത്തിന് ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിന്ന് നാലും കാസർകോട് ജില്ലയിൽ നിന്ന് മൂന്നും കോളേജുകളെ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്രഡിറ്റേഷന് വേണ്ടിയുള്ള പരിപാടികളും ശില്പശാലകളും വരും മാസങ്ങളിൽ സംഘടിപ്പിക്കും.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ടി. വിജയൻ അധ്യക്ഷത വഹിച്ചു. മാനേജർ ഡോ. കെ. വിജയരാഘവൻ മുഖ്യ പ്രഭാഷണം നടത്തി. കെ. രാമനാഥൻ, പ്രൊഫ. എ. ഗംഗാധരൻനായർ, ഡോ. കെ. രാധാകൃഷ്ണൻ നായർ, കോളേജ് യൂണിയൻ ചെയർമാൻ അഭിജിത് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. കെ.വി. മുരളി സ്വാഗതവും ഡോ. എൻ.ടി. സുപ്രിയ നന്ദിയും പറഞ്ഞു.