കാസർകോട്: സ്വർണ്ണ കള്ളക്കടത്ത് പിടികൂടാൻ കസ്റ്റംസ് ഒരുക്കിയ വലയിൽ കുടുങ്ങിയത് സ്വർണ്ണം എത്തിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ട കാരിയർമാ‌ർ. കള്ളക്കടത്ത് സ്വർണ്ണം സുരക്ഷിതമായി കടത്തുന്നതിന് ചരടുവലിച്ച ബോസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. സ്വർണ്ണത്തിന്റെ ഉടമയായ ബോസിനെ കണ്ടെത്താൻ അന്വേഷണം നടത്തുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.

തലശ്ശേരി ഭാഗത്തു നിന്നും മുംബൈയിലേക്ക് കടത്തുന്ന കള്ളക്കടത്ത് സ്വർണ്ണം ആണ് പിടിച്ചെടുത്തത് എന്നാണ് കാരിയർമാരായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് വെളിപ്പെടുത്തുന്നത്. കസ്റ്റഡിയിലെടുത്തവരെ മൊഴികൾ പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

മുംബൈയിൽ മാർക്കറ്റ് ഉള്ളതു കൊണ്ടായിരിക്കും ഇവിടെനിന്ന് അങ്ങോട്ട് സ്വർണം കടത്തുന്നത് എന്നാണ് കണ്ണൂർ ഡിവിഷൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഈ വികാസ് 'കേരളകൗമുദി'യോട് പറഞ്ഞത്. കൃത്യമായി ആസൂത്രണം ചെയ്തു കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധമായ ഓപ്പറേഷനിലാണ് കണ്ണൂർ കസ്റ്റംസിന്റെ ചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്ത് പിടികൂടാൻ കഴിഞ്ഞത്. തലശ്ശേരിയിൽനിന്ന് വിട്ടത് മുതൽ മഹാരാഷ്ട്ര സ്വദേശികൾ സ്വർണവുമായി സഞ്ചരിച്ച കാറിനു മുകളിൽ കസ്റ്റംസ് സംഘത്തിന്റെ കണ്ണുണ്ടായിരുന്നു. ചെറുവത്തൂരിലും പടന്നക്കാട്ടും കാഞ്ഞങ്ങാടും ഈ കാർ കടന്നുവന്നതിന്റെ വിവരങ്ങൾ കൈമാറാൻ സൂപ്രണ്ട് രാജീവ് അതീവരഹസ്യമായി സുഹൃത്തുക്കളെ നിയോഗിച്ചിരുന്നു. ബേക്കൽ പാലം പിന്നിട്ട കാറിന്റെ പിന്നാലെ സൂപ്രണ്ട് രാജീവും സംഘവും പിന്തുടർന്നു. സ്വർണ്ണ വണ്ടി ആയ എം.എച്ച് 11 ബി.കെ 2484 കാർ പള്ളിക്കര ടോൾബൂത്തിലെത്തിയപ്പോൾ കാസർകോട് കസ്റ്റംസ് ഓഫീസിലെ ഹെഡ് ഹവിൽദാർ കെ. ആനന്ദും ഡ്രൈവർ കെ.വി സുകുമാറും വാഹനം കുറുകെയിട്ടു തടഞ്ഞു. ഇതിനിടയിൽ സ്വർണ്ണ വണ്ടി പിറകോട്ടെടുത്ത് സൂപ്രണ്ടിന്റെ വണ്ടിയിൽ ഇടിക്കാൻ നോക്കിയെങ്കിലും അപ്പോഴേക്കും കസ്റ്റംസ് സംഘം മഹാരാഷ്ട്ര സംഘത്തെ വളഞ്ഞിരുന്നു.

ഓഫീസിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻസീറ്റിൽ അടിഭാഗത്തായി വലിയ രഹസ്യഅറ ഉണ്ടാക്കി അതിനകത്ത് സ്വർണം സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കള്ളക്കടത്തിനു മാത്രം ഉപയോഗിക്കുന്ന രീതിയിൽ പ്രത്യേകം സംവിധാനങ്ങൾ ഘടിപ്പിച്ചതായിരുന്നു കസ്റ്റംസ് പിടിച്ചെടുത്ത കാർ.