പട്ടുവം: ജീവിതത്തിന്റെ സായംകാലത്തിലെ ഒറ്റപ്പെടൽ ഒഴിവാക്കാൻ പട്ടുവം മുള്ളൂലിൽ നിർമ്മിച്ച പകൽ വീട് ഇപ്പോഴും അടഞ്ഞുതന്നെ. ഇരിക്കാൻ കസേര പോലും ഇല്ലാത്ത ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കടുത്ത വീഴ്ചയാണുണ്ടായത്.
2019 ഫെബ്രുവരി ഒൻപതിന് ടി.വി.രാജേഷ് എം.എൽ.എയാണ് പകൽവീടിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്താണ് ഈ വയോജനകേന്ദ്രം സ്ഥാപിച്ചത്. വീടിനോട് ചേർന്നുള്ള അംഗൺവാടിയിൽ നിന്ന് ഭക്ഷണം നൽകാമെന്നും മരുന്നുകളും വിനോദോപാധികളും ഒരുക്കാമെന്നുമായിരുന്നു ഉദ്ഘാടനദിനത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാൽ ഒരു ദിവസം പോലും ഈ രീതിയിൽ പകൽവീട് തുറന്നുപ്രവർത്തിച്ചിട്ടില്ലെന്നതാണ് വാസ്തവം.
പകൽവീട് ഒരു ആശയം
വാർദ്ധക്യമെന്നാൽ ഉപേക്ഷിക്കപ്പെടലിന്റെ കാലമാണെന്ന കാഴ്ചപ്പാട് തിരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായാണ് പകൽവീട് എന്ന ആശയം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖാന്തിരം സ്ഥാപിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് നിശ്ചയിച്ച പ്രവർത്തനസമയം. വീടിന്റെ വിരസതകളിൽ നിന്ന് മാറി ഉല്ലാസപ്രദമായ ജീവിതത്തിനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. വായിക്കാനും വർത്തമാനം പറയാനും ഒന്നിച്ചിരുന്നു ടി.വി കാണാനും ആശയങ്ങൾ പങ്കുവെക്കാനും ഇടയ്ക്കിടെ ചായയോ, ഭക്ഷണമോ കഴിക്കാനോ ഉള്ള സൗകര്യങ്ങൾ ഇവിടങ്ങളിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു