കണ്ണൂർ: വരും വർഷങ്ങളിൽ കണ്ണൂർ മോഡലിൽ പുതിയ രൂപത്തിലും ഭാവത്തിലും വൈവിധ്യവൽക്കരിച്ചായിരിക്കും ഗദ്ദിക മേള ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയെന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ. ഗദ്ദിക എട്ടാമത് എഡിഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂരിൽ നിന്ന് നിരവധി പുതിയ സാധ്യതകളാണ് ഗദ്ദിക മേളക്ക് ലഭിച്ചത്. ഗദ്ദികയുടെ കഴിഞ്ഞ പതിപ്പ് വരെ ഗോത്ര വിഭാഗങ്ങളുടെ കലകൾ മാത്രമായിരുന്നു മേളയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കണ്ണൂരിൽ അതിൽ നിന്ന് വ്യത്യസ്തമായി മറ്റു വിഭാഗങ്ങളുടെ കലകൾ കൂടി അവതരിപ്പിക്കപ്പെട്ടതോടെ മേളക്ക് കൂടുതൽ ജനപങ്കാളിത്തം ലഭിച്ചു. പ്രചരണ രംഗത്ത് പോലും നൂതന സാധ്യതകൾ ആണ് കണ്ണൂർ അവതരിപ്പിച്ചത്. ഇതൊക്കെ കൂടി ഉൾപ്പെടുത്തി കണ്ണൂർ മോഡലിലാവും ഗദ്ദികയുടെ അടുത്ത പതിപ്പ് ജനങ്ങൾക്ക് മുന്നിലെത്തുക മന്ത്രി പറഞ്ഞു.
സമാപന ചടങ്ങിന്റെ ഭാഗമായി കെഞ്ചിര എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബാലതാരം വിനുഷ രവി, ഫോട്ടോഗ്രാഫർ, ഉടലാഴം എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പി ആർ മണി, കറുപ്പ് എന്ന ചിത്രത്തിലഭിനയിച്ച സി നന്ദൻ, മികച്ച സംഘാടനത്തിന് നേതൃത്വം നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരെ മന്ത്രി എ കെ ബാലൻ ഉപഹാരം നൽകി ആദരിച്ചു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും ചടങ്ങിൽ ഉപഹാരം നൽകി.
ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ ടിവി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ പി ജയബാലൻ, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഐടി ഡി പി കണ്ണൂർ പ്രോജക്ട് ഓഫീസർ ജാക്വിലിൻ ഷൈനി ഫെർണാണ്ടസ്, ജില്ല പട്ടികജാതി വികസന ഓഫീസർ കെ കെ ഷാജു, വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനത്തിന് ശേഷം അട്ടപ്പാടി ഊരുവന കലാ സാംസ്‌കാരിക സമിതിയുടെ ഇരുള നൃത്തം, തൃശ്ശൂർ കരിന്തലക്കൂട്ടത്തിന്റെ നാട്ടറിവു പാട്ടുകൾ, ഭാരത് ഭവന്റെ ജാംബേ മ്യൂസിക് ബാൻഡ് എന്നിവയും അരങ്ങേറി.