50 കിലോവുള്ള ഒരു ചാക്ക് കക്കയ്ക്ക് വില 600 മുതൽ 700 രൂപ വരെ
ചെറുവത്തൂർ: മത്സ്യങ്ങൾ കുറഞ്ഞ സമയത്ത് കവ്വായി കായലിൽ വ്യാപകമായ തോതിൽ കക്ക (ഇളമ്പക്ക) ചാകര പ്രത്യക്ഷപ്പെട്ടത് മത്സ്യത്തൊഴിലാളികൾക്കും ആ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അനുഗ്രഹമായി.
കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളായ മാടക്കാൽ, ഇടയിലക്കാട് ബണ്ട് പരിസരം, തെക്കെക്കാട് പുഴ, ഓരി തുടങ്ങിയവിടങ്ങളിലാണ് പോഷക സമ്പുഷ്ടമായ കക്ക കാണപ്പെടുന്നത്. മേയ് മാസം വരം ഇത്തരത്തിൽ കക്കകൾ ധാരാളമായി ലഭിക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
വേലിയിറക്ക സമയത്ത് തോണിയിറക്കി കക്ക ശേഖരിക്കുന്ന പുരുഷ തൊഴിലാളികൾ സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് അവ കഴുകി വൃത്തിയാക്കി വിപണനത്തിന് തയ്യാറാക്കുന്നു. വൈകീട്ടോടെ വാഹനവുമായെത്തുന്ന വ്യാപാരികൾ പരമാവധി ശേഖരിച്ച് നഗരങ്ങളിൽ വിതരണം ചെയ്യുകയാണ് പതിവ്. വ്യാപാരാവശ്യത്തിനല്ലാതെ സ്വന്തം വീടുകളിൽ കറികളുണ്ടാക്കാൻ വീട്ടമ്മമാരും കുട്ടികളുമൊക്കെ കക്ക വാരുന്നതും ഇവിടെ പതിവാണ്. അവധി ദിവസങ്ങളിലാണ് സ്ത്രീകളടക്കമുള്ളവരുടെ വൻ സാന്നിദ്ധ്യം പുഴകളിൽ ഉണ്ടാകുന്നത്. ആഴമില്ലാത്ത മാട് പ്രദേശം കേന്ദ്രീകരിച്ച് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ ഇവർ കൂട്ടക്കണക്കിന് കക്ക ശേഖരിക്കുന്നു. ഇത് അയൽവാസികൾക്ക് വിതരണം ചെയ്യുകയും, പുഴുങ്ങിയെടുത്ത് ഉണക്കി സൂക്ഷിക്കാറും പതിവുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നു പോലും സ്ത്രീകൾ കക്ക വാരാനായി പുഴകളിലെത്താറുണ്ട്.
തട്ടുകടകളിലെ താരം
സന്ധ്യയാകുന്നതോടെ സജീവമാകുന്ന പാതയോരങ്ങളിലെ തട്ടുകടകളിലെ പ്രധാന വിഭവമാണ് മൊളസ്ക വിഭാഗത്തിൽപ്പെടുന്ന കക്കഫ്രൈ .എന്നാൽ ഇതേ കായൽ വിഭവം നക്ഷത്ര ഹോട്ടലുകളിൽ വ്യത്യസ്ത രൂപത്തിലും രുചിയിലുമായി തീൻമേശയിലെത്തുമ്പോൾ വിലയിലും വലിയ അന്തരം ഉണ്ടാകും. ഫോർമാലിൻ പോലുള്ള രാസപദാർത്ഥങ്ങൾ കക്കയിറച്ചി സൂക്ഷിക്കാൻ ഉപയോഗിക്കാറില്ലെന്നതിനാൽ കാത്സ്യത്തിന്റെ കലവറയായ കക്കയിറച്ചിക്ക് നല്ല ഡിമാന്റാണ്.
അഭ്യന്തര വിപണിയിൽ എത്തിക്കുന്നതോടൊപ്പം കോഴിക്കോടും തെക്കൻ മേഖലയിലേക്കും കക്ക കയറ്റി വിടുന്നുണ്ട്
മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തി പരിചയമുള്ള കൊല്ലം സ്വദേശി പി.രാജൻ.