കണ്ണൂർ: കേരളം സ്വർണക്കടത്തിന്റെ കേന്ദ്രമായി മാറുന്നോ..? കഴിഞ്ഞദിവസം സ്വർണം കടത്തുന്നതിനിടെ രണ്ടുപേർ കാസർകോട്ട് കസ്റ്റംസിന്റെ പിടിയിലായതോടെ സംശയം ഇരട്ടിച്ചു. മാർവാഡികളുടെ പ്രധാന കേന്ദ്രമായ മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ ആകാശ് കദം, ഖേദൻ സുറുവാസ് എന്നിവരാണ് പിടിയിലായത്. തലശ്ശേരിയിൽ നിന്ന് കാറിന്റെ രഹസ്യ അറയിലാക്കി മുംബയിലേക്ക് കടത്തവെ 15.525 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് ഇവരിൽ നിന്ന് പിടികൂടിയത്.
ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ചില മലയാളികളാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നതത്രേ. 2019ൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കസ്റ്രംസിന്റെയും ഡി.ആർ.ഐയുടെയും പിടിയിലായത് 44 കോടിയുടെ സ്വർണമാണ്. കഴിഞ്ഞ ഒക്ടോബറിൽ രണ്ട് ദിവസത്തെ കസ്റ്റംസിന്റെ പ്രത്യേക ഓപ്പറേഷനിലൂടെ 123 കിലോ സ്വർണം പിടികൂടിയിരുന്നു. ഏറ്റവും കൂടുതൽ കടത്ത് പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിലാണ്. 84 കിലോഗ്രാം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 175 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. എന്നാൽ കടത്തുന്ന സ്വർണത്തിന്റെ പത്തിലൊന്ന് പോലും പിടിക്കപ്പെടുന്നില്ലെന്ന് ഡി.ആർ.ഐ, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പ്രതിവർഷം 100 കോടിയുടെ സ്വർണമെങ്കിലും കേരളം വഴി എത്തുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തൃശൂരിൽനിന്ന് 116.84 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. കഴിഞ്ഞദിവസം കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും പിടികൂടിയിരുന്നു.
പിന്നിലെ ശക്തി ആരാണ്?
സ്വർണക്കടത്ത് പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും ആരാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം കാസർകോട്ട് പിടിയിലായ സ്വർണം മുംബയിലേക്ക് കടത്താനുള്ള ശ്രമമായിരുന്നു. തലശേരിയിൽ നിന്നാണ് ഇത് കൊണ്ടുപോയത്. കാറിലായിരുന്നു യാത്ര. ട്രിപ്പിന് 25000 രൂപ പ്രതിഫലം കിട്ടുമെന്ന മാത്രമാണ് പിടിയിലായവരുടെ മൊഴി. ആരുടെ സ്വർണമാണെന്നോ ആർക്കാണ് കൈമാറേണ്ടതെന്നോ ഇവർക്ക് അറിയില്ല. എന്നാൽ, ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോൾ സ്വർണം അടങ്ങിയ അറ വാഹനത്തിൽ ഇവർ കാണിച്ചുകൊടുത്തു. കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞമാസം മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ രണ്ടുപേരെ കുഴൽപ്പണവുമായി യാത്ര ചെയ്യവെ പിടികൂടിയിരുന്നു. നീലേശ്വരത്ത് ഒരു വ്യാപാരിയെ ഇടിച്ചിട്ട് നിറുത്താതെ പോയ കാർ പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം പിടികൂടിയത്. ഇതും സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമാണെന്ന കാര്യം കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇന്ത്യയിലേക്ക് യാത്രാ വിലക്കുള്ള ഒരു കാഞ്ഞങ്ങാട് സ്വദേശി പാകിസ്ഥാൻ, ദുബായ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കള്ളനോട്ട്, സ്വർണ ഇടപാടുകളെ കുറിച്ച് ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല.