പാപ്പിനിശേരി: കെ. കണ്ണപുരത്തെ പുതിയകാവ് പുതിയ ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന് മുന്നിലുള്ള വിളക്കിൽ നിന്നോ,നടയിൽ തെളിയിച്ച മൺചിരാതിൽ നിന്നോ ക്ഷേത്രത്തിലേക്ക് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ച രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

രാത്രിയിൽ പഴയങ്ങാടി പാപ്പിനിശേരി ദേശിയ പാത വഴിയാത്ര ചെയ്യൂകയായിരുന്ന യാത്രക്കാരാണ് നാട്ടുകാരെയും കണ്ണപുരം പൊലിസിനെയും വിവരമറിയിച്ചത്.
കണ്ണൂരിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘവും കണ്ണപുരം എസ്.ഐ. ടി.വി.ബിജു പ്രകാശിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. ക്ഷേത്ര ഉത്സവ ആഘോഷത്തിന്റെ ഒരുക്കം പൂർത്തീകരിക്കുന്ന വേളയിലാണ് തീപിടിത്തമുണ്ടായത്.