കണ്ണൂർ:പ്രവാസികളോട് മോദി സർക്കാർ ശത്രുക്കളെ പോലെ പെരുമാറുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി ക്ഷേമത്തിനായി പിണറായി സർക്കാർ സമർപ്പിച്ച ഒറ്റ പദ്ധതിയും അംഗീകരിച്ചില്ല. പ്രവാസികളെ പാടെ അവഗണിക്കുന്ന നയമാണ് മോദിയുടേത്. കോർപറേറ്റുകളെ തലോടി പാവപ്പെട്ടവരെ ദ്രോഹിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഭക്ഷ്യ സബ്‌സിഡിക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് പാവങ്ങളെ പട്ടിണിക്കിടാനാണെന്നും ജയരാജൻ പറഞ്ഞു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജായരൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി.സഹദേവൻ, പി.ഹരീന്ദ്രൻ, എം.സുരേന്ദ്രൻ, എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.