കണ്ണൂർ: കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 91 പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആശുപത്രിയിലും വീടുകളിലുമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 255 ആയി. ഒരാളെക്കൂടി രോഗലക്ഷണങ്ങളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
നിലവിൽ മൂന്നു പേരാണ് ആശുപത്രിയിലുള്ളത്. വൈറസ്ബാധ സംശയിക്കുന്ന മൂന്നു പേരുടെ കൂടി സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഒൻപത് പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക്കിന്റെ അധ്യക്ഷതയിൽ ജില്ലാതല നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.
കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്‌ക്രീനിംഗിന് വിധേയരാക്കുന്ന മെഡിക്കൽ സംഘത്തിലെ അംഗങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക പരിശീലനം നൽകി. വിമാനത്താവളത്തിൽ രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധനയ്ക്ക് സംവിധാനമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ ആശുപത്രി സൂപ്രണ്ടുമാരുടെയും ബ്ലോക്ക്തല മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാതല അവലോകന യോഗം ജില്ലാ നോഡൽ ഓഫീസർ ഡോ. അഭിലാഷിന്റെ നേതൃത്വത്തിൽ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി.