കണ്ണൂർ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് കലോത്സവം താലോലത്തിന് ജില്ലയിൽ അരങ്ങുണർന്നു. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ. വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കൈവരിക്കുന്ന നേട്ടങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിലും അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സഹായിക്കുന്നുണ്ടെന്ന് കെ. വി. സുമേഷ് പറഞ്ഞു.
ഉപകരണ സംഗീതം, പ്രച്ഛന്നവേഷം, നാടോടി നൃത്തം, സംഘനൃത്തം, ആക്ഷൻ സോങ്ങ്, പദ്യപാരായണം, നാടൻപാട്ട്, ലളിത ഗാനം, ക്രയോൺ പെയിന്റിങ്ങ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ വിവിധ വേദികളിലായി അരങ്ങേറി. എല്ലാ മത്സരങ്ങളിലും നിറഞ്ഞ പങ്കാളിത്തമാണുണ്ടായത്. ബഡ്‌സ് സ്‌കൂൾ കുട്ടികൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ വില്പനയും കലോത്സവത്തിനോടനുബന്ധിച്ച് നടന്നു.
നായനാർ അക്കാഡമിയിൽ നടന്ന കലോത്സവത്തിൽ ജില്ലയിലെ ഇരുപത്തഞ്ചോളം ബഡ്‌സ് സ്‌കൂളുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ എത്തിച്ചേർന്നു.
കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് അംഗം എ കെ രമ്യ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോർഡിനേറ്റർ ഡോ എം സുർജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. പി. ജയബാലൻ, കോർപറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷൻ വെള്ളോറ രാജൻ, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .കെ. ഗീതമ്മ, കുടുംബശ്രി അസിസ്റ്റന്റ് കോർഡിനേറ്റർ പ്രദീപൻ എന്നിവർ സംബന്ധിച്ചു.