കാസർകോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതികൾ മേൽക്കോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ നിയമക്കുരുക്കുകൾ നീങ്ങിയതോടെ കുഡ്‌ലു ബാങ്ക് കവർച്ചാക്കേസിൽ വിചാരണ പുനരാരംഭിച്ചു.
കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് ഏരിയാൽ ശാഖയിൽ നിന്ന് 17.680 കിലോ സ്വർണാഭരണങ്ങളും 13 ലക്ഷം രൂപയും കവർന്ന കേസിന്റെ വിചാരണയാണ് ജില്ലാ അഡീഷണൽ സെഷൻസ്(ഒന്ന്) കോടതിയിൽ പുനരാരംഭിച്ചത്.
കഴിഞ്ഞ ദിവസം ബാങ്ക് സെക്രട്ടറി അടക്കമുള്ളവരെ കോടതി വിസ്തരിച്ചു. ജീവനക്കാരികളടക്കം ഏതാനും സാക്ഷികളെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട്ട് താമസക്കാരനുമായ ദുൽദുൽ ഷരീഫ് എന്ന മുഹമ്മദ് ഷരീഫ്, ചൗക്കി അജോൽ റോഡിലെ അബ്ദുൽ കരീം, മുജീബ്, ചൗക്കി കുന്നിലെ മഹ്ഷൂഖ്, ചൗക്കി ബദർ നഗറിലെ മുഹമ്മദ് സാബിർ, ഷാനവാസ്, അർഷാദ്, ഫിലിപ്പോസ്, ഫെലിക്‌സ് നെറ്റോ എന്ന ജോമോൻ, കവർച്ചാസ്വർണം വിൽക്കുന്നതിന് സഹായികളായി പ്രവർത്തിച്ച ദിൽസത്ത്, സുമം എന്നിവരാണ് ഈ കേസിലെ പ്രതികൾ. 2015 സെപ്തംബർ ഏഴിന് ഉച്ചയോടെയാണ് കുഡ്‌ലു ബേങ്കിൽ കവർച്ച നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ബാങ്കിലേക്ക് ഇരച്ചുകയറി ഗ്രിൽസ് അടച്ച ശേഷം കത്തി കാട്ടി രണ്ട് ജീവനക്കാരികളെ ബന്ദികളാക്കിയ ശേഷം ലോക്കർ തുറന്ന് മുഴുവൻ സ്വർണവും കവരുകയായിരുന്നു.
സി .ഐ. ആസാദാണ് അന്വേഷണം പൂർത്തിയാക്കി. 2000 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 200 സാക്ഷികളാണുള്ളത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് കോടതി പിന്നീട് ജാമ്യം നൽകിയിരുന്നു.