കാസർകോട്: തീവണ്ടി യാത്രയ്ക്കിടെ സഹകരണ ബാങ്ക് ജീവനക്കാരന്റെ മൊബൈൽ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കവർന്നു. മുട്ടത്തോടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എടനീർ എതിർതോട്ടെ എ. ബാബുവിന്റെ ബാഗാണ് കവർന്നത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്‌സ്‌പ്രസിലാണ് കവർച്ച നടന്നത്.
വ്യാഴാഴ്ച പുലർച്ചെ തൃശൂരിനും കോഴിക്കോടിനും ഇടയിലാണ് ബാഗ് നഷ്ടമായത്. സെക്രട്ടേറിയറ്റിന് മുന്നിൽ കെ.സി.ഇ.എഫ് നടത്തിയ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം കാസർകോട്ടേക്ക് വരികയായിരുന്നു. രണ്ടു മൊബൈൽ ഫോണുകളും പാൻകാർഡ് ഉൾപ്പെടെയുള്ള രേഖകളും വസ്ത്രങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. കാസർകോട് റെയിൽവെ പൊലീസിൽ പരാതി നൽകി.