ചെറുവത്തൂർ: കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം സ്ഥാപക പ്രസിഡന്റും കരിവെള്ളൂർ മാന്യഗുരു യു.പി സ്കൂൾ അദ്ധ്യാപകനുമായിരുന്ന കൊടക്കാട് ഓലാട്ടെ കുടുക്കേൻ നാരായണൻ മാസ്റ്റർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. 1952 മുതൽ 1966 വരെയുള്ള കാലഘട്ടത്തിൽ ഗ്രന്ഥാലയ പ്രസിഡന്റായി പ്രവർത്തിച്ച ഇദ്ദേഹം കണ്ണൂർ -കാസർഗോഡ് ജില്ലയിൽ ഗ്രന്ഥശാല പ്രവർത്തനം കെട്ടിപടുക്കുന്നതിലും നാടിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. നാരായണ സ്മാരക ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ അന്തിമോപചാരമർപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. പി. പ്രഭാകരൻ റീത്ത് സമർപ്പിച്ചു.