കാസർകോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നെത്തിയ വരും പേരും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരുമുൾപ്പെടെ 98 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 96 പേർ വീടുകളിലും രോഗം സ്ഥിരീകരിച്ച ആളുൾപ്പെടെ രണ്ടു പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. കാസർകോട് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. 20 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. 20 പേരുടെ സാമ്പിൾ പരിശോധനക്കയച്ചതിൽ 14 എണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്.
ആശുപത്രിയിൽ കഴിയുന്നവരുടെ നില തികച്ചും തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഇന്ന് ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തി. കാസർകോട്, കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിലതകളിലും ഗ്രാമ പഞ്ചായത്തുകളിലും പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മത നേതാക്കൾക്കും പ്രധാന അദ്ധ്യാപകർക്കും ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണപരിശീലന പരിപാടികൾ സംഘടിപ്പിച്ചു.
സബ് കളക്ടർ അരുൺ കെ. വിജയന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ചേർന്ന അവലോകന യോഗത്തിൽ എ.ഡി.എം എൻ. ദേവിദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടർ രാമദാസ് എ.വി, ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ മനോജ് എ.ടി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ രാമൻ സ്വാതി വാമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ലോകാരോഗ്യ സംഘടനാ നീരീക്ഷകൻ ഡോ ദീനദയാലൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന എസ് തുടങ്ങിയവർ പങ്കെടുത്തു.