കണ്ണൂർ: ടെക്സ്റ്റെയിൽ ഗാർമെന്റ് രംഗത്ത് സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുന്നതിനും തൊഴിൽ നൽകുന്നതിനും കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച സമർത്ഥ് പദ്ധതി കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്‌നോളജിയിൽ ആരംഭിക്കുന്നു. സംസ്ഥാനത്തെ ഏക നിർവ്വഹണ ഏജൻസിയാണ് കണ്ണൂർ ഐ.ഐ.എച്ച്.ടിയെന്ന് ടെക്‌നിക്കൽ സൂപ്രണ്ട് എം. ശ്രീനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമർത്ഥ് പദ്ധതിയിലൂടെ രാജ്യത്ത് പത്തു ലക്ഷം യുവാക്കൾക്ക് ടെക്സ്റ്റെയിൽ മേഖലയിൽ തൊഴിൽ നൽകുന്നതിനാണ് ഉദേശിക്കുന്നത്. കണ്ണൂരിൽ ഇതിന്റെ ഭാഗമായി 11 കോഴ്‌സുകളാണ് ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ ബാലരാമപുരം സെന്ററിൽ എട്ടു കോഴ്‌സുകൾ ആരംഭിക്കും. കേരളത്തിൽ 1975 പേർക്ക് പരിശീലനം നൽകാനാണ് പദ്ധതി സമർപ്പിച്ചത്. സമർത്ഥ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തോട്ടട ഐ.ഐ.എച്ച്.ടിയിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിക്കും. ഇ.എസ്.ഐ കോർപ്പറേഷനിൽ നിന്ന് വാങ്ങിയ ഭൂമിയുടെ കൈമാറ്റം തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനും ഖാദി കുപ്പടം നെയ്ത്ത് സാങ്കേതിക വിദ്യയുടെ ഉദ്ഘാടനം കെ.സുധാകരൻ എം.പിയും നിർവ്വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും.
കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയിൽ ബി.ടെക് കോഴ്‌സും ഡിഗ്രി കോഴ്‌സും ആരംഭിക്കും. സാങ്കേതിക സർവ്വകലാശാലയുമായി ചേർന്നാണ് കോഴ്‌സ് ആരംഭിക്കുക. കണ്ണൂർ സർവ്വകലാശാലയുമായി ബന്ധപ്പെട്ട് കോസ്റ്റ്യൂം ആൻഡ് ഡിസൈനിംഗിൽ ബി.എസ്‌സി കോഴ്‌സ് ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്. കൈത്തറി രംഗത്ത് റിസർച്ച് സെന്റർ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.വി. സന്തോഷ്, കെ.വി.ബ്രിജേഷ്, പി.വരദരാജൻ എന്നിവരും സംബന്ധിച്ചു.