കൂത്തുപറമ്പ്: വേങ്ങാട്, വട്ടിപ്രം മേഖലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യകൃഷിക്ക് വഴിമാറുന്നു.ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ സഹായത്തോടെയാണ് കൂട് മത്സ്യകൃഷി വ്യാപിപ്പിക്കുന്നത്. ആഴമുള്ള കരിങ്കൽ ക്വാറികളിൽ പ്രത്യേക രീതിയിലുള്ള കൂടൊരുക്കിയാണ് മത്സ്യകൃഷി തുടങ്ങിയത്. തിലോപ്പിയ, കരിമീൻ തുടങ്ങിയ മത്സ്യങ്ങളെയാണ് കരിങ്കൽ ക്വാറികളിൽ വളർത്തുന്നത്.

ഉൾനാടൻ മത്സ്യകൃഷിക്ക് വേണ്ടി പ്രത്യേകം തയാറാക്കുന്ന കൂടുകളിൽ അയ്യായിരത്തോളം കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. ശുദ്ധജലത്തിൽ വളരുന്നതിനാൽ ആറു മാസം കൊണ്ട് മത്സ്യങ്ങൾ വിളവെടുപ്പിന് പാകമാകും. പത്ത് ക്വിൻറൽ മീനാണ് ഒരു കൂട്ടിൽ നിന്ന് കർഷകർക്ക് ലഭിക്കുന്നത്. നല്ല വിളവ് ലഭിച്ചതായി കരിങ്കൽ ക്വാറിയിൽ ആദ്യമായി കൃഷി ഇറക്കിയ വേങ്ങാട്ടെ കൂർമ്മ ജയരാജൻ അഭിപ്രായപ്പെട്ടു. വട്ടിപ്രം മേഖലയിൽ മാത്രം നാൽപ്പതോളം കരിങ്കൽ ക്വാറികൾ ഉപേക്ഷിച്ച നിലയിലുണ്ട്. ഇവയിൽ പലതും വൻ ശുദ്ധജല സംഭരണികൾ കൂടിയാണ്. അതീവ വരൾച്ച അനുഭവപ്പെടുന്ന ഘട്ടത്തിൽ പോലും തെളിനീരിന്റെ കലവറയാണിവ. അതുകൊണ്ട് തന്നെ മത്സ്യകൃഷിക്ക് അനുയോജ്യമാണ് കരിങ്കൽ ക്വാറികളെന്നും കണ്ടെത്തിയിട്ടുണ്ട്. ഫിഷറീസ് ഡിപ്പർട്ട്മെന്റിന്റെ ഇടപെടലുണ്ടായാൽ കൂടുതൽ ക്വാറികളിലേക്ക് മത്സ്യകൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.

(Photo കരിങ്കൽ ക്വാറിയിൽ ഒരുക്കിയ കൂട് മത്സ്യകൃഷി )