കാസർകോട്: കേന്ദ്ര കാർഷിക ക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ അംഗങ്ങളായ കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ കൊണ്ടുവരാൻ ഇന്ന് മുതൽ 24 വരെ തീവ്രയജ്ഞ പരിപാടി നടത്തും. കാസർകോട് എ.ഡി.എം എൻ. ദേവീദാസ്, നബാർഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. സജനി മോൾ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഗുണഭോക്താക്കളായ കർഷകർ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെടണം. ക്രെഡിറ്റ് കാർഡിന്റെ പ്രയോജനം ലഭിച്ച കർഷകർക്ക് വായ്പാ പരിധി ഉയർത്താം. നിർജ്ജീവ അക്കൗണ്ട് ഉള്ള കർഷകർക്ക് ഇത് പുനരുജ്ജീവിപ്പിക്കാം. പുതുതായി കാർഡ് എടുക്കുന്നവർ സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും വിള സംബന്ധമായ വിവരങ്ങളും ബാങ്കിൽ സമർപ്പിക്കണം. കർഷകർക്ക് മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ വായ്പാ പരിധി ഉയർത്താം. വാർത്താ സമ്മേളനത്തിൽ സിഡിക്കേറ്റ് ബാങ്ക് സീനിയർ മാനേജർ പി.വി ശ്രീജിത്ത്, കെ.എസ്.സി.ബി ഡി.ജി.എം കെ. രാജൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.ഡി ഷീല, ഡയറി ഡവലപ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജോർജ്ജ്, എൽ.ബി.ഒ പി നാരായണ, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. മുരളീധരൻ എന്നിവരും പങ്കെടുത്തു.