കാസർകോട്: മുൻ ജലസേചന വകുപ്പ് മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡോ. എ. സുബ്ബറാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ ഹൊസങ്കടിയിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 16ന് വൈകീട്ട് മൂന്ന് മണിക്ക് സമാപന പരിപാടി സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി, ശ്രീ ശ്രീ ശ്രീ വിജയാനന്ദ സ്വാമിജി, ഡോ. രമാനന്ദ ബനാരി, കേശവ കനില കടമ്പാർ തുടങ്ങിയവർ സംബന്ധിക്കും.

ഒക്‌ടോബർ 16ന് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പല സ്ഥലങ്ങളിലായി നിരവധി പരിപാടികൾ നടന്നിരുന്നു. വാർത്താ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ബി.വി രാജൻ, മണ്ഡലം സെക്രട്ടറി ജയരാമ ബല്ലംകൂടൽ, എം.സി അജിത്, കെ.ആർ ഹരീഷ്, എം.ഡി മുസ്തഫ എന്നിവർ പങ്കെടുത്തു.