തലശ്ശേരി മേഖലയിൽ നിന്ന് സ്വയം വിരമിച്ചവർ 37

കണ്ണൂർ എസ്.എസ്.എയിൽ നിന്ന് വിരമിച്ചവർ 444

കേരളത്തിൽവാടകയ്ക്ക് നൽകുന്ന

കെട്ടിടങ്ങൾ 111

ക്വാർട്ടേഴ്സുകൾ 158

തലശ്ശേരി: ബി.എസ്.എൻ.എല്ലിനെ ഉപഭോക്താക്കൾ കൈയൊഴിഞ്ഞു. ജീവനക്കാരിലേറെയും നിർബന്ധ വി.ആർ.എസ് പ്രകാരം വിരമിച്ചു. ജീവനക്കാരില്ലാതെ കെട്ടിടങ്ങൾ എന്തിനെന്ന് മാനേജ്മെന്റ്. അതോടെ തലശ്ശേരിയിലെ പഴയ ടെലഫോൺ എക്സ്‌ചേഞ്ചും ഇപ്പോഴത്തെ ടെലഫോൺ ഭവനും വാടകയ്‌ക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

37 പേർ സർവീസ് മതിയാക്കി പടിയിറങ്ങിയതോടെ ബി.എസ്.എൻ.എൽ. തലശ്ശേരി മേഖലാ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി. ലൈൻ സ്റ്റാഫ് ഇല്ലാതായതോടെ പലയിടങ്ങളിലും ദിവസങ്ങളായി ലൈൻ തകരാറായി കിടക്കുകയാണ്. വീടുകളിൽ പോലും ഫോണുകൾ ചത്തു കിടപ്പാണ്. സബ് ഡിവിഷണൽ ഓഫീസിൽ ഒരു അസി.എൻജിനീയർ മാത്രമായി.
പിടിച്ചുനിൽക്കാനാവാതെ ബി.എസ്.എൻ.എൽ സംസ്ഥാനത്താകെയുള്ള ഓഫീസ് കെട്ടിടങ്ങളും, ക്വാർട്ടേഴ്‌സുകളൂം വാടകയ്‌ക്ക് നൽകാനുള്ള തീരുമാനം നടപ്പിലാക്കിത്തുടങ്ങി.

കേരളത്തിലുള്ള നൂറ്റിപ്പതിനൊന്ന് കെട്ടിടങ്ങളും 158 സ്ഥലങ്ങളിലുള്ള ക്വാർട്ടേഴ്‌സുകളുമാണ് വാടകയ്ക്ക് നൽകുന്നത്. ഇതിന്റെ ഭാഗമായി തലശ്ശേരി ഗുണ്ടർട്ട് റോഡിൽ ഫയർസ്റ്റേഷനടുത്ത പഴയ ടെലഫോൺ എക്‌സ്‌ചേഞ്ച് പൂർണ്ണമായും എം.ജി.റോഡിലുള്ള ബി.എസ്.എൻ.എൽ ടെലഫോൺ ഭവൻ ഭാഗികമായും വാടകയ്‌ക്ക് നൽകാൻ തീരുമാനിച്ചിരിക്കയാണ്. തത്കാലം സ്വകാര്യ സംരംഭകർക്കും സഹകരണ സ്ഥാപനങ്ങൾക്കും നൽകില്ല. വാഹന പാർക്കിംഗിന് സൗകര്യമില്ലാത്തതിനാൽ ആവശ്യക്കാർ പിന്മാറി. നാലുനിലകളുള്ള ടെലഫോൺ ഭവന്റെ ഒന്നാം നിലയാണ് വാടകയ്‌ക്ക് നൽകുന്നത്.

പ്രതിസന്ധി കാരണം ബി.എസ്.എൻ.എല്ലിന്റെ കണ്ണൂർ എസ്.എസ്.എ യിൽ നിന്ന് 444 ഉദ്യോഗസ്ഥർ ഇതിനകം സ്വയം വിരമിച്ചിട്ടുണ്ട്. ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളമില്ല. വേതനം കിട്ടാത്തതിനെത്തുടർന്ന് കരാർ തൊഴിലാളികളും ഒഴിവായി.

ചിത്രവിവരണം: വാടകക്ക് നൽകുന്ന തലശ്ശേരിയിലെ പഴയ ടെലഫോൺ എക്‌സ്‌ചേഞ്ചും, ടെലഫോൺ ഭവനും.