road-
കാൽനടയാത്രക്കാരെ കുരുക്കിലാഴ്ത്തി ഗാന്ധി സർക്കിളിലെ സീബ്രാവര

കണ്ണൂർ: കുരുക്ക് പരിഹരിക്കാൻ കാൾടെക്സിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം കൂനിന്മേൽ കുരുവാകുന്നു. വൈദ്യുത ഭവന് മുന്നിലെ ബസ് സ്റ്റോപ്പ് കളക്ട്രേറ്റിന് എതിർവശത്തെ വിചിത്രാ ലോഡ്ജിന് മുന്നിലേക്ക് നീക്കിയതോടെയാണ് ദുരിതം തുടങ്ങിയത്. യാത്രക്കാരെല്ലാം ഇവിടെ ഇറങ്ങി സീബ്രാ ലൈൻ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും സിഗ്നൽ അവഗണിച്ച് കയറുന്ന വാഹനങ്ങളും കൂടിയായതോടെ നഗര ഗതാഗതം ജകപൊകയായിട്ടുണ്ട്.

ഗാന്ധി സർക്കിളിലെ സീബ്രാ വരയൊക്കെ മാഞ്ഞ് തുടങ്ങിയതും ഗ്രീൻ സിഗ്നൽ തെളിയും മുൻപേ വാഹനങ്ങൾ ഇരമ്പിയെത്തുന്നതിനും ഇടയിൽ ആശങ്കയോടെയാണ് കുട്ടികളും വൃദ്ധരും മറുഭാഗം കടക്കുന്നത്. യാഥാർത്ഥ്യ ബോധമില്ലാത്ത ഒരു കൂട്ടം അധികൃതരുടെ തല തിരിഞ്ഞ പരിഷ്കാരമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ജനപക്ഷം.

പ്രശ്ന പരിഹാരമായി ഇവിടെ പൊലീസ് കയർ ഉപയോഗിച്ച് താത്കാലിക ഡിവൈഡർ ഒരുക്കിയിട്ടുണ്ട്. സീബ്രാവരയിലൂടെ മാത്രം മറി നടക്കാൻ ലക്ഷ്യമിട്ടാണ് സംവിധാനം. എന്നാൽ ലെഫ്റ്റ് ഫ്രീ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതൊന്നും കൂസാതെ പോകുമ്പോൾ യാത്രക്കാർ ആശങ്കയിലാകും. അതേസമയം ട്രാഫിക് പൊലീസിന്റെ സേവനം ഉള്ളതിനാൽ തലശ്ശേരി ഭാഗത്തേക്കു പോകുന്നവർക്ക് ഈ ബുദ്ധിമുട്ടില്ല.

എന്തിന് വേണ്ടിയിത്

ദേശീയപാതയിലെ കുരുക്ക് കുറയ്ക്കാനെന്ന് പറഞ്ഞാണ് വൈദ്യുതി ഭവന് മുന്നിലെ ബസ് സ്റ്റോപ്പ് ഒഴിവാക്കിയത്. ബസുകൾ സിഗ്നലിൽ കുടുങ്ങിയാൽ ജീവനക്കാരെ വകവെക്കാതെ യാത്രക്കാർ ഡോർ തുറന്നിറങ്ങും. ഇതിനിടെ ചെറിയ വാഹനങ്ങൾക്ക് തട്ടിയെന്നത് പോലുള്ള കശപിശകൾ വേറെയുണ്ടാകും. എ.കെ.ജി കഴിഞ്ഞാൽ വേറെ സ്റ്റോപ്പില്ലെന്നതാണ് യാത്രക്കാരുടെ പ്രശ്നം. അധികൃതർക്കാകട്ടെ ഇത് അറിയുകയും വേണ്ട.

'ശീലമാണ് പ്രശ്നം, കോഴിക്കോടിൽ ഇതിനേക്കാളേറെ നടക്കണം'

ദേശീയപാതയിലെ ബ്ലോക്ക് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം. പരിഷ്കാരം നടപ്പാക്കും വരെ പള്ളിക്കുന്ന് വരെ ബ്ലോക്കുണ്ടായിരുന്നു. ഇതൊക്കെ ഇപ്പോൾ ഒഴിവായി. കണ്ണൂരിൽ അടുത്തടുത്ത് ബസ് സ്റ്റോപ്പുകളുള്ളത് ശീലിച്ചത് കൊണ്ടുള്ള പ്രയാസമാണ്. കോഴിക്കോടൊക്കെ നിശ്ചിത ദൂരത്തിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.

(ട്രാഫിക് പൊലീസ്)