നീലേശ്വരം: കാഞ്ഞിരപ്പൊയിലിലെ മണിയും കുടുംബവും പട്ടയത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് 24 വർഷമായി. കല്ലുവെട്ട് തൊഴിലാളിയായ മണിക്കും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ കാർത്ത്യായനിക്കും പട്ടയത്തിനായി ഓഫീസുകളിൽ കയറിയിറങ്ങി മടുത്തിരിക്കയാണിപ്പോൾ.

പട്ടയമില്ലെങ്കിലെന്ത് എന്ന് ചോദിച്ചേക്കാം. പക്ഷെ, സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ പുതിയൊരു വീട് കെട്ടാൻ ഈ കുടുംബത്തിന് കഴിയുന്നില്ല. ഇപ്പോൾ മണിയും മൂന്ന് മക്കളടങ്ങിയ കുടുംബവും കെട്ടുറപ്പില്ലാത്ത ചെറിയൊരു വീട്ടിലാണ് കഴിയുന്നത്. മടിക്കൈ പഞ്ചായത്തിന്റെ ചില പ്രദേശങ്ങളിൽ അർഹതയില്ലാത്ത ചിലർക്ക് പട്ടയം കിട്ടിയതായി മണി പറയുന്നു.

പട്ടയത്തിന് വേണ്ടിയുള്ള മണിയുടെ അപേക്ഷ ഓഫീസിൽ കിട്ടിയിരുന്നു. അപേക്ഷയിന്മേൽ അന്വേഷണം നടത്തി ഹൊസ്ദുർഗ് താലൂക്കിലേക്ക് അയച്ചിട്ടുണ്ട്. അവിടെ ചില നൂലാമാലകളിൽ കുടുങ്ങി കിടക്കുകയാണ്.

മടിക്കൈ വില്ലേജ് ഓഫിസർ

പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാത്ത വിഷയം വില്ലേജ്, താലൂക്ക് ഓഫീസർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. താലൂക്ക് വികസന സമിതിയിലും പല പ്രാവശ്യം ഉന്നയിച്ചു. എന്നിട്ടും വകുപ്പ് കനിയുന്നില്ല.

മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരൻ