train-robbery

കണ്ണൂർ:കേരളത്തിലൂടെ വടക്കോട്ട് പോയ രണ്ട് ട്രെയിനുകളിലെ എ. സി. കമ്പാർട്ട്മെന്റുകളിൽ ഇന്നലെ പുലർച്ചെ ഉറങ്ങിക്കിടന്ന രണ്ട് കുടുംബങ്ങളുടെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളും കാൽ ലക്ഷത്തോളം രൂപയും കൊള്ളയടിച്ചത് യാത്രക്കാരെ ഭീതിയിലാക്കി.

ചെന്നൈ - മംഗളൂരു സൂപ്പർ ഫാസ്റ്റിൽ പുലർച്ചെ ഒന്നിനും നാലിനും ഇടയ്‌ക്കും തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്‌പ്രസിൽ നാലിനും

ആറിനും ഇടയ്‌ക്കുമാണ് കവർച്ച നടന്നത്.

ചെന്നൈ സൂപ്പർഫാസ്റ്റിൽ ചെന്നൈ ഐറവാരം സ്വദേശിനി പൊന്നി മാരന്റെ (47) വജ്രം, വൈഡൂര്യം, സ്വർണം ഉൾപ്പെടെ 15 ലക്ഷത്തിന്റെ ആഭരണങ്ങളും മലബാർ എക്‌സ്‌പ്രസിൽ കാഞ്ഞങ്ങാട് സ്വദേശിനി നെല്ലിയോടൻ

പ്രവീണ പ്രേംദാസിന്റെ ( 27) ഒൻപതര പവന്റെ ആഭരണങ്ങളും 22,​000 രൂപയുമാണ് കവർന്നത്.

ചെന്നൈയിൽ നിന്ന് കണ്ണൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു പൊന്നിമാരനും നാലംഗ കുടുംബവും. വിവാഹത്തിന് അണിയാൻ കൊണ്ടുവന്നതായിരുന്നു ആഭരണങ്ങൾ. റെയിൽവേ ജീവനക്കാരനായ പൊന്നി മാരന്റെ മകൻ ബാങ്ക് ലോക്കറിൽനിന്ന് എടുത്തുകൊടുത്ത ആഭരണങ്ങളായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിനും മലപ്പുറം ജില്ലയിലെ തിരൂരിനും ഇടയിലാണ് കവർച്ച നടന്നതെന്ന് പൊന്നി മാരൻ പറഞ്ഞു.

തിരുപ്പൂരിൽ എത്തിയപ്പോൾ എന്തോ ബഹളം കേട്ട് പൊന്നിമാരൻ ഉണർന്നിരുന്നു. ട്രെയിനിൽ പിറന്നാൾ ആഘോഷം ആണെന്ന് അറിഞ്ഞ് വീണ്ടും ഉറങ്ങി. തിരൂരെത്തിയപ്പോഴാണ് സഹോദരി വള്ളിയുടെ തലയ്ക്കു സമീപം വച്ചിരുന്ന സ്വർണവും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ റെയിൽ അലർട്ടിൽ അറിയിച്ചു. ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ റെയിൽവേ പൊലീസ് സ്റ്റേഷനിലും പരാതി നൽകി.

രണ്ടാം കൊള്ള കാഞ്ഞങ്ങാട്ടേക്കുള്ള യാത്രയ്ക്കിടെ


കാഞ്ഞങ്ങാട് പുല്ലൂർ ഹരിപുരം സ്വദേശിനി പ്രവീണ പ്രേംദാസ് മലബാർ എക്സ്‌പ്രസിൽ

അങ്കമാലിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോഴാണ് കവർച്ചയ്‌ക്കിരയായത്. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന പ്രവീണയും ഭർത്താവ് വൈശാഖും നെടുമ്പാശേരിയിൽ വിമാനമിറങ്ങി ഭർത്തൃസഹോദരനൊപ്പം നാട്ടിലേക്ക് എ.1 എ.സി കോച്ചിൽ യാത്ര തിരിച്ചതായിരുന്നു.

ഉറങ്ങിക്കിടന്ന ഇവർ മാഹിയിൽ എത്തിയപ്പോഴാണ് താലിമാല ഉൾപ്പെടെയുള്ള ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. എ.ടി.എം കാർ‌ഡ് ഉൾപ്പെടെ വച്ചിരുന്ന പഴ്സും നഷ്ടപ്പെട്ടു. കണ്ണൂർ റെയിൽവേ പൊലീസിൽ പരാതി നൽകി. വടകര - മാഹി പരിസരത്തു വച്ചു കവർച്ച നടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ആസൂത്രിതം,​ ഒരേ സംഘം?​

രണ്ട് കവർച്ചയ്‌ക്കും പിന്നിൽ ഒരേ സംഘമാണോ എന്ന് പൊലീസിന് സംശയമുണ്ട്. ചെന്നൈയിൽ നിന്ന് ഷൊർണൂരിൽ വന്ന് മംഗളുരുവിലേക്ക് പോയ ട്രെയിനിലെ കവർച്ചക്കാർ ഷൊർണൂരിലോ മറ്റേതെങ്കിലും സ്റ്റേഷനിലോ ഇറങ്ങി പിന്നാലെ എത്തിയ മലബാർ എക്സ്‌പ്രസിൽ കയറിയിരിക്കാം. യാത്രക്കാരുടെ ബാഗിൽ പണവും സ്വർണവും ഉണ്ടെന്ന് അറിയാവുന്നവരാണ് കവർച്ചയ്ക്കു പിന്നിലെന്ന് കരുതുന്നു.

''ചെന്നൈയിൽ നിന്ന് പൊന്നി മാരനെ ആരെങ്കിലും പിന്തുടർന്നിരുന്നോ എന്ന് സംശയമുണ്ട്. ഇതറിയാൻ കോഴിക്കോട് മുതൽ ചെന്നൈ വരെയുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.

-കെ. സുരേഷ് കുമാർ, സി.ഐ,കേരള റെയിൽവേ പൊലീസ്,

കോഴിക്കോട്