കാസർകോട്: കർണ്ണാടകയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിൽ പെൺവാണിഭത്തിനെത്തിക്കുന്ന റാക്കറ്റിനെതിരെ അന്വേഷണം വ്യാപിപ്പിച്ചു. കർണ്ണാടക ചിക്കമംഗളൂരു സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് തുടർ അന്വേഷണം ശക്തമാക്കിയതോടെയാണ് സംസ്ഥാനത്ത് സ്വാധീനമുറപ്പിച്ച അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
2019 ഫെബ്രുവരിയിൽ ചിക്കമംഗളൂരു പെൺകുട്ടിയെ കോഴിക്കോട് പൊയിലിലെ റിസോർട്ടിൽ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമയുൾപ്പെടെ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെൺവാണിഭത്തിനായി കർണ്ണാടകയിൽ നിന്ന് പെൺകുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റ് വയനാട് മടക്കിമല സ്വദേശി ടി.കെ. ഇല്യാസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്തർ സംസ്ഥാന റാക്കറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയത്.
പീഡിപ്പിച്ചത് നൂറോളം പേർ
പെൺകുട്ടിയെ കക്കാടം പൊയിലിലെ റിസോർട്ടിലെത്തിക്കുന്നതിന് മുമ്പ് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ റിസോർട്ടുകളിൽ എത്തിക്കുകയും നൂറോളം പേർ പീഡിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ചിക്കമംഗളൂരു പെൺകുട്ടിയെ കൂടാതെ കർണ്ണാടകയിൽ നിന്ന് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ താമസിപ്പിച്ച് ചിക്കമംഗളൂരു പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് തെളിഞ്ഞതോടെ കേസിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.