10 വർഷത്തെ കുടിശിക 1,38,11,757 രൂപ

കാസർകോട്: കാസർകോട്ടെ വ്യവസായി പി.ബി അഹമ്മദിന്റെ ചെങ്കള നായന്മാർമൂലയിലെ വീടിനു മുന്നിലെ 55 സെന്റ് സ്ഥലം ലേലം ചെയ്യാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2005 മുതൽ 2015 വരെയുള്ള കാലയളവിൽ ആദായ നികുതി കുടിശ്ശിക വരുത്തിയതിന് 1,38,11,757 രൂപ നികുതി അടക്കാത്തതിനാൽ, ആദായ നികുതി വകുപ്പ് ചെങ്കളയിലെ സർവ്വേ നമ്പർ 267/1 ൽപെട്ട മുട്ടത്തോടി വില്ലേജിലെ 55 സെന്റ് സ്ഥലമാണ് ഫെബ്രുവരി 10 ന് രാവിലെ 10 മണിക്ക് കാസർകോട് ഇൻകം ടാക്‌സ് ഓഫീസിൽ വെച്ച് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നത്. ലേലനടപടികൾ സംബന്ധിച്ച് ആദായ നികുതി വകുപ്പ് പത്രങ്ങളിൽ പരസ്യം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ അഡ്വ. ഇംത്യാസ് വഴി പി.ബി അഹമ്മദ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ലേല നടപടികൾ താത്കാലികമായി സ്റ്റേ ചെയ്തുകൊണ്ട് ജസ്റ്റിസ് എസ്.വി ഭട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലേല നടപടികൾ മാറ്റിവെച്ചതായി ഇൻകംടാക്ട്‌സ് റവന്യൂ റിക്കവറി വിഭാഗം ഓഫീസർ എ.എസ് സന്തോഷ് കുമാർ അറിയിച്ചു.